ഗോൾമെഷീനെ നിലനിർത്താനായില്ല, ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു സ്ഥിരീകരിച്ച് ദിമിത്രിയോസ് | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറ്റവും ആശങ്കയുണ്ടായിരുന്ന കാര്യം ഒടുവിൽ യാഥാർഥ്യമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ തന്നെ ടോപ് സ്കോററായിരുന്ന ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ല. താരം സോഷ്യൽ മീഡിയ വഴിയാണ് ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

“സാഹസങ്ങളും ഒരുപാട് അനുഭവങ്ങളും നൽകിയ രണ്ടു വർഷങ്ങൾ. ദൗർഭാഗ്യവശാൽ കേരളത്തിനൊപ്പമുള്ള സമയത്തിന് അവസാനമായിരിക്കുകയാണ്. ഒരു ടീമെന്ന നിലയിൽ നമ്മൾ ഒരുമിച്ച് ആഘോഷിച്ച നിമിഷങ്ങളുടെ മനോഹാരിതയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ബാക്കിയില്ല. മറ്റെവിടെയുമില്ലാത്ത രീതിയിൽ മനോഹരമായി നിങ്ങളെന്നെ ഇവിടേക്ക് സ്വാഗതം ചെയ്‌തു.”

“അതിലെനിക്ക് വളരെ സന്തോഷവും നന്ദിയുമുണ്ട്. ആദ്യത്തെ ദിവസം മുതൽ ആരാധകരിൽ നിന്നും ലഭിച്ച പിന്തുണയും അതിന്റെ തുടർച്ചയുമെല്ലാം അവിശ്വസനീയമായ ഒന്നായിരുന്നു. മഞ്ഞപ്പടയ്ക്ക് വളരെയധികം നന്ദി. നിങ്ങളെ ഞാൻ എല്ലായിപ്പോഴും ഓർത്തിരിക്കും, നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.” ദിമിത്രിയോസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ താരം ആദ്യ സീസണിൽ പത്ത് ഗോളുകളാണ് നേടിയത്. ഈ സീസണിൽ പതിമൂന്നു ഗോളുകൾ നേടി ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് നേടുന്ന ബ്ലാസ്റ്റേഴ്‌സ് താരമായി ദിമിത്രിയോസ് മാറി. താരത്തിന്റെ കരാർ പുതുക്കാനുള്ള സമ്മർദ്ദം വർധിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം.

ദിമിത്രിയോസിന്റെ അടുത്ത ലക്‌ഷ്യം എവിടേക്കാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കുഞ്ഞ് ജനിച്ചതിനാൽ താരം യൂറോപ്പിലേക്ക് തന്നെ തിരിച്ചു പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം താരം ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റേതെങ്കിലും ക്ലബിലേക്കാണ് ചേക്കേറുന്നതെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

fpm_start( "true" ); /* ]]> */

Dimitrios Diamantakos Announce Exit From Kerala Blasters