ഏഷ്യൻ താരം നിർബന്ധമെന്നത് ഒഴിവാക്കും, സാലറി ക്യാപ്പ് വർധിപ്പിക്കും; ഐഎസ്എൽ അടിമുടി മാറുന്നു | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസണിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രമുഖ സ്പോർട്ട്സ് ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നത് പ്രകാരം അടുത്ത സീസണിൽ മൂന്നു പ്രധാനപ്പെട്ട മാറ്റങ്ങൾക്കാണ് ഐഎസ്എൽ നേതൃത്വം ഒരുങ്ങുന്നത്. ഒരു ഏഷ്യൻ താരം ടീമിൽ നിർബന്ധമെന്നത് ഒഴിവാക്കുമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്.

നിലവിൽ ആറു വിദേശതാരങ്ങളെയാണ് ഒരു ടീമിന് സൈൻ ചെയ്യാൻ കഴിയുക. അതിലൊരാൾ ഏഷ്യൻ താരമായിരിക്കണം. ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ കഴിയുന്ന നാല് വിദേശതാരങ്ങളിലൊരാളും ഏഷ്യൻ താരമായിരിക്കണം. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ വരുത്താൻ പോകുന്ന മാറ്റങ്ങൾക്ക് അനുസൃതമായാണ് ഐഎസ്എല്ലിലും ഈ മാറ്റങ്ങൾ വരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏഷ്യൻ താരങ്ങളെ നിർബന്ധമാക്കുന്ന നിയമം ഒഴിവാക്കുന്നത് ക്ലബുകൾക്ക് ഗുണകരമാണ്. ഈ നിയമം കാരണം കനത്ത പ്രതിഫലം നൽകി, അതിന്റെ നിലവാരമില്ലാത്ത താരങ്ങളെ ക്ലബുകൾക്ക് സ്വന്തമാക്കേണ്ടി വരാനുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, മുംബൈ സിറ്റി തുടങ്ങിയ ടീമുകളാണ് അടുത്ത സീസണിലും ഏഷ്യൻ താരവുമായി കരാർ ബാക്കിയുള്ളത്.

മോഹൻ ബഗാനിൽ മൂന്നു ഏഷ്യൻ താരങ്ങളാണുള്ളത്. അതിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള കുമ്മിങ്‌സും പെട്രാറ്റോസും കഴിഞ്ഞ സീസണിൽ ഷീൽഡ് നേടാൻ നിർണായക പങ്കു വഹിച്ചിരുന്നു. രണ്ടു താരങ്ങളും കൂടി ഇരുപത്തിരണ്ടു ഗോളുകളാണ് അടിച്ചു കൂട്ടിയത്. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള ഏഷ്യൻ താരം കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന ഓസ്‌ട്രേലിയൻ വംശജനായ ജോഷുവോ സോട്ടിരിയോയാണ്.

ഇതിനു പുറമെ സാലറി ക്യാപ്പ് 16.5 കോടിയിൽ നിന്നും 18 കോടിയാക്കി വർധിപ്പിക്കാനും ഐഎസ്എല്ലിന് പദ്ധതിയുണ്ട്. അതിൽ തന്നെ രണ്ടു താരങ്ങൾ സാലറി ക്യാപ്പിനു പുറത്തായിരിക്കും. ഇന്ത്യൻ താരങ്ങളെയോ വിദേശതാരങ്ങളെയോ ഇത്തരത്തിൽ സ്വന്തമാക്കാം. ഈ നിയമം വരുന്നതോടെ സാലറി ക്യാപ്പ് ആശങ്കയില്ലാതെ വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾക്ക് കഴിയും.

ISL Likely To Scrap Asian Player Rule