ഈ രാജ്യത്ത് ഫുട്ബോൾ വളരുമെന്ന പ്രതീക്ഷ വേണ്ട, ഒത്തുകളി വിവാദത്തിൽ നാണം കെട്ട് ഇന്ത്യൻ ഫുട്ബോൾ | Delhi Premier League

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയൊരു പ്രതീക്ഷയുണ്ട്. പടിപടിയായിട്ടാണെങ്കിലും രാജ്യത്തെ ഫുട്ബോൾ വളർത്താനുള്ള നീക്കങ്ങൾ ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്ത്യ ലോകകപ്പ് കളിക്കുമെന്നും. എന്നാൽ അതൊന്നും നടക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെയുണ്ടായ ചില സംഭവങ്ങളിൽ നിന്നും മനസിലാക്കേണ്ടത്.

ഡൽഹി പ്രീമിയർ ലീഗിൽ ഇന്നലത്തെ മത്സരങ്ങളിൽ നടന്ന ചില സംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുലക്കുന്ന രീതിയിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സ്റ്റേറ്റ് ലെവലിൽ നടക്കുന്ന ടോപ് ടയർ ഫുട്ബോൾ ലീഗിലെ റേഞ്ചേഴ്‌സ് എഫ്‌സിയും ഷഹ്ബാബ് എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ നടന്നത് വലിയ ഒത്തുകളിയാണെന്ന് മത്സരം കണ്ട ഏതൊരാൾക്കും മനസിലാകും.

മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് സംഭവം നടന്നത്. മത്സരം അവസാനിക്കുന്നതിനു മുൻപ് അഹ്ബാബ് എഫ്‌സി രണ്ടു സെൽഫ് ഗോളുകൾ വഴങ്ങിയിരുന്നു. അഹ്ബാബ് താരങ്ങൾ മനഃപൂർവം പന്ത് വലയിലേക്ക് തട്ടിയിട്ട് ഗോളാക്കിയതാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. രണ്ടാമത്തെ ഗോൾ സ്വന്തം വലയിലേക്ക് ഷോട്ടുതിർത്താണ് നേടിയതെന്നാണ് വിചിത്രമായ കാര്യം.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്താവുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കപ്പെടുകയും ചെയ്‌തതോടെ ഇതിനെതിരെ നടപടി എടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കമെന്ന രീതിയിൽ അഹ്ബാബ് എഫ്‌സിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌. ഒത്തുകളി തെളിഞ്ഞാൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് എഐഎഫ്എഫ് പ്രസിഡൻറും വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി ഫുട്ബോൾ അസോസിയേഷന്റെ തലപ്പത്തിരിക്കുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ് ഈ ക്ലബുകളുടെ ഉടമകളെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്തായാലും ഇന്ത്യൻ ഫുട്ബോളിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഏറ്റവും നല്ല രീതിയിൽ നടത്തേണ്ട ഇത്തരം ടൂർണമെന്റുകളിൽ അഴിമതി നടക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ദുരവസ്ഥ മനസിലാക്കി തരുന്നു.

Match Fixing In Delhi Premier League