പ്രതീക്ഷിച്ച താരങ്ങൾ പോലും മടങ്ങിവന്നേക്കില്ല, കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി തുടരുന്നു | Kerala Blasters

പരിക്കിന്റെ തിരിച്ചടികൾ ഈ സീസണിൽ ഏറ്റവുമധികം ബാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ തുടക്കം മുതൽ കഴിഞ്ഞ മത്സരം വരെ ഓരോ സമയത്തും പല താരങ്ങൾ പരിക്കേറ്റു പുറത്തു പോയിട്ടുണ്ട്. അതിൽ ഏതാനും താരങ്ങൾക്ക് സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന സാഹചര്യമുണ്ടായി. പ്രധാനതാരങ്ങൾ പുറത്തു പോയത് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്‌തു.

ചെന്നൈയിൻ എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിലും പരിക്കിന്റെ തിരിച്ചടി കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തി. രണ്ടു താരങ്ങളാണ് മത്സരത്തിനിടെ പരിക്കേറ്റു പുറത്തു പോയത്. ടീമിന്റെ വിശ്വസ്‌തനായ ഗോൾകീപ്പർ സച്ചിൻ സുരേഷും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട താരമായ മാർകോ ലെസ്കോവിച്ചുമാണ് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയത്.

സച്ചിൻ സുരേഷിന്റെ പരിക്ക് ഗുരുതരമാണെന്ന സൂചനകൾ ആ മത്സരത്തിന് ശേഷം പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകിയിരുന്നു. എന്നാൽ ലെസ്‌കോവിച്ച് അടുത്ത മത്സരത്തിന് മുൻപേ തിരിച്ചു വരുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിച്ചതു പോലെ സംഭവിക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം സച്ചിൻ സുരേഷിന്റെ പരിക്കിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ ഉടനെ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച ലെസ്‌കോവിച്ചിന്റെ കാര്യത്തിൽ ആശങ്കയൊഴിഞ്ഞിട്ടില്ല. ലെസ്‌കോവിച്ചിന്റെ എംആർഐ സ്‌കാനിങ്ങിന്റെ റിസൾട്ട് വന്നതിനു ശേഷം മാത്രമേ പരിക്കിനെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കൂവെന്നാണ് സൂചനകൾ.

പരിക്ക് കാരണം ലെസ്‌കോവിച്ചിന് അടുത്ത മത്സരം നഷ്‌ടമാകാനുള്ള സാധ്യതയുള്ളത് ടീമിന് വലിയ തിരിച്ചടി തന്നെയാണ്. അടുത്ത മത്സരത്തിൽ ഐഎസ്എല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന എഫ്‌സി ഗോവയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. കൂടുതൽ താരങ്ങൾ പരിക്കേറ്റു പുറത്തു പോയ ഈ സാഹചര്യത്തിൽ പരാജയം ഒഴിവാക്കാൻ തന്നെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടേണ്ടി വരും.

Kerala Blasters Players Injury Update