രാജി വെക്കാൻ യാതൊരു മടിയുമില്ല, ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് സ്റ്റിമാച്ച് | Igor Stimac

കഴിഞ്ഞ അഞ്ചു വർഷമായി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനത്ത് ഇഗോർ സ്റ്റിമാച്ചുണ്ട്. ഇക്കാലയളവിൽ നല്ല സാഹചര്യങ്ങളിലൂടെയും മോശം സാഹചര്യങ്ങളിലൂടെയും ടീം കടന്നു പോയി. എങ്കിലും സ്ഥിരതയുള്ള പ്രകടനം ഇപ്പോഴും ഇന്ത്യൻ ടീമിൽ നിന്നുമുണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്റ്റിമാച്ചിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നു വരാറുണ്ട്.

ഈ വിമർശനങ്ങളോട് കഴിഞ്ഞ ദിവസം സ്റ്റിമാച്ച് പ്രതികരിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ നേരിടാനൊരുങ്ങി നിൽക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയാണ് മത്സരം നടക്കുന്നത്.

“നിലവിലുള്ള കരാറിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. ഇന്ത്യയെ മൂന്നാം റൗണ്ടിലേക്ക് എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ ഞാൻ സ്ഥാനമൊഴിയും. കഴിഞ്ഞ അഞ്ചു വർഷം ഞാൻ ഇവിടെ ചെയ്‌ത എല്ലാ കാര്യങ്ങളും ആലോചിച്ച് അഭിമാനത്തോടു കൂടിത്തന്നെ വിടപറയും. എന്നാൽ ഞങ്ങൾ യോഗ്യത നേടുകയാണെങ്കിൽ ചെയ്യാൻ ഒരുപാട് മറ്റു കാര്യങ്ങളുണ്ട്.” സ്റ്റിമാച്ച് കഴിഞ്ഞ ദിവസം പറഞ്ഞു.

നാളത്തെ മത്സരത്തിൽ ഇന്ത്യ സ്വന്തം മൈതാനത്ത് അഫ്‌ഗാനിസ്ഥാനെ നേരിടാൻ പോവുകയാണ്. അതിനു ശേഷം കുവൈറ്റ്, ഖത്തർ എന്നീ ടീമുകളുമായി ഇന്ത്യക്ക് മത്സരം ബാക്കിയുണ്ട്. ഈ രണ്ടു മത്സരങ്ങളിൽ കുവൈറ്റിനെതിരെ ഉള്ളടക്കം രണ്ടു മത്സരങ്ങളെങ്കിലും ഇന്ത്യ വിജയിക്കണം. അതിനു കഴിഞ്ഞാൽ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയും.

അടുത്ത റൗണ്ടിലേക്ക് മുന്നേറിയാലും ഇന്ത്യക്ക് യോഗ്യത നേടാൻ കഴിയുമോയെന്ന കാര്യം സംശയമാണ്. അടുത്ത റൗണ്ടിലെ ഗ്രൂപ്പിൽ ഇതിനേക്കാൾ കരുത്തരായ ടീമുകളെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. നിലവിലെ ഇന്ത്യയുടെ അവസ്ഥ പരിഗണിക്കുമ്പോൾ അടുത്ത ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെങ്കിലും മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ അതൊരു നേട്ടം തന്നെയാണ്.

Igor Stimac Ready To Leave Indian Football Team