ചില ക്ലബുകളിൽ ചേർന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള വഴി എളുപ്പമാകും, കളിക്കാരാണ് അധികാരകേന്ദ്രങ്ങൾ | Indian Football Team

അഫ്‌ഗാനിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങിയതിനു പിന്നാലെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തിയത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ തന്നെ ഉയർത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണമാകുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ന്യൂസ് നയൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചല്ല, മറിച്ച് ടീമിലെ ചില മുതിർന്ന താരങ്ങളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. ഏതൊക്കെ താരങ്ങൾ കളിക്കണമെന്നും ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിലും ഇവർക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ട്. അതെല്ലാം തന്റെ ജോലി നിലനിർത്താൻ വേണ്ടി സ്റ്റിമാച്ച് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

താരങ്ങൾക്ക് ദേശീയടീമിലുള്ള ഈ അധികാരമാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലകസ്ഥാനത്തു നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണം. സ്റ്റിമാച്ച് ഈ അധികാരകേന്ദ്രങ്ങളെ പൂർണമായും അംഗീകരിച്ചു നിൽക്കുന്ന പരിശീലകനാണ്. ഒരു ഡമ്മി പരിശീലകൻ എന്നു തന്നെ അദ്ദേഹത്തെ വിളിക്കാമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഒരു ഒഫീഷ്യൽ വ്യക്തമാക്കുന്നത്.

ഇതിനു പുറമെ ദേശീയ ടീമിൽ ഇപ്പോൾ കളിക്കുന്ന ഒരു താരം വെളിപ്പെടുത്തിയത് ടീം തിരഞ്ഞെടുപ്പിലും, ടെക്‌നിക്കൽ ആൻഡ് ടാക്റ്റിക്കൽ ആയ കാര്യങ്ങളിലും ഈ താരങ്ങൾ ഇടപെടുന്നുണ്ടെന്നാണ്. ഈ താരങ്ങളുടെ തീരുമാനങ്ങളെല്ലാം പരിശീലകൻ അംഗീകരിക്കും. പുതിയതായി ടീമിലെത്തുന്ന താരങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ നിന്നാൽ അവരുടെ അവസരങ്ങൾ ഇല്ലാതാവുകയോ ഒറ്റപ്പെടുകയോ ചെയ്യും.

ചില മത്സരങ്ങൾ കളിക്കാനുള്ള ലൈനപ്പ് സ്റ്റിമാച്ച് നേരത്തെ തീരുമാനിച്ച് താരങ്ങളെ അറിയിക്കുമെങ്കിലും അടുത്ത ദിവസം മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് തങ്ങളെ ഒഴിവാക്കി ലൈനപ്പ് മാറ്റിയ കാര്യം ചില താരങ്ങൾ അറിയുക. അതിന്റെ കാരണം തിരക്കിയാൽ ‘ദേശീയ ടീമിലെ കാര്യങ്ങൾ ഇങ്ങിനെയാണെന്ന് അറിയില്ലേ’ എന്നാണ് അദ്ദേഹം പറയുകയെന്നും ഈ താരം വെളിപ്പെടുത്തുന്നു.

തങ്ങളുടെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ജൂനിയർ താരങ്ങൾ ഇതിനെതിരെ പ്രതികരിക്കാത്തത്. അത് കാര്യങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്‌തു. ചില ക്ലബുകളിൽ ചേരുന്നതും ചില ഏജന്റുമാരുടെ ഭാഗമാകുന്നതും ദേശീയടീമിലേക്കുള്ള വഴി എളുപ്പത്തിലാക്കും. യോഗ്യതയുള്ള താരങ്ങൾ അപ്പോഴും പുറത്തിരിക്കുകയായിരിക്കും.

വളർന്നു വരുന്ന മികച്ച ഫുട്ബോൾ താരങ്ങൾക്ക് അവസരങ്ങൾ നൽകാതെ അവരുടെ കഴിവിനെ പൂർണമായും നിരുത്സാഹപ്പെടുത്തുന്ന സമീപനവും ഉണ്ടാകുന്നുണ്ട്. വർഷങ്ങളായി ദേശീയ ടീം ഈ നിലയിലാണ് തുടർന്നു പോകുന്നത്. അതുകൊണ്ടു തന്നെ ടീമിൽ സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും രണ്ടു തട്ടിലായിട്ടുണ്ട്. ഇത് പ്രകടനത്തെയും വളരെയധികം ബാധിക്കുന്നുണ്ട്.

ടെക്‌നിക്കൽ ആയതും ടാക്റ്റികൽ ആയതുമായ പരിശീലന സെഷനുകളുടെ അഭാവം കാരണം എതിരാളികളെ എങ്ങിനെ നേരിടണമെന്ന കാര്യത്തിൽ താരങ്ങൾക്ക് തന്നെ കൃത്യമായ അറിവില്ല. സ്റ്റിമാച്ച് ചെയ്യുന്നത് തന്റെ ജോലി നിലനിർത്താൻ ഈ അധികാരകേന്ദ്രങ്ങളെ അനുസരിക്കുകയെന്നതാണ്. രാഷ്ട്രീയ ഇടപെടലുകൾ അടക്കമുള്ളതിനാൽ ഇതിനെ മറികടക്കാനുള്ള ധൈര്യമുള്ളവരും കുറവാണ്.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച പുറകോട്ടു പോകുന്നതിന്റെ കാരണമെന്തെന്ന് ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ഇപ്പോഴെങ്കിലും ഒരു താരത്തിന് ഇതേക്കുറിച്ച് പറയാനും പ്രതികരിക്കാനും തോന്നിയത് അഭിനന്ദനം അർഹിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നാൽ മാത്രമേ നിലനിൽക്കുന്ന ദുഷിച്ച സാഹചര്യങ്ങൾക്ക് അവസാനമുണ്ടാകൂ.

Indian Football Team Poor Run Reasons