ദിമിത്രിയോസ് ക്ലബ് വിട്ടാലും ബ്ലാസ്റ്റേഴ്‌സ് ആശങ്കപ്പെടേണ്ട കാര്യമില്ല, താരത്തിന്റെ അഭാവം എളുപ്പത്തിൽ പരിഹരിക്കാനാവും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള പ്രധാന ആശങ്കയാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ക്ലബ് വിടുമോയെന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി നിരവധി ക്ലബുകൾ രംഗത്തു വന്നിട്ടുണ്ട്. അതിൽ തന്നെ കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാൾ ഒന്നിലധികം തവണ ഓഫറുകൾ നൽകി സജീവമായിത്തന്നെ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിലെത്തിയ ദിമിത്രിയോസ് ആദ്യത്തെ സീസണിൽ പതിമൂന്നു ഗോളുകളിലും ഈ സീസനിലിതു വരെ പതിനഞ്ചു ഗോളുകളിലും പങ്കാളിയായിട്ടുണ്ട്. നിലവിൽ ഐഎസ്എല്ലിലെ ടോപ് സ്കോററായി നിൽക്കുന്ന താരം ക്ലബ് വിടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിനത് വലിയ തിരിച്ചടിയാണ്. എന്നാൽ താരത്തിന് പകരക്കാരനെ എളുപ്പത്തിൽ സ്വന്തമാക്കാനും ക്ലബിന് കഴിയും.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലൂണക്ക് പകരക്കാരനെന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ, നിലവിൽ ടീമിനൊപ്പമുള്ള ഫെഡോർ ചെർണിച്ചാണ്‌ ദിമിത്രിയോസിനു പകരക്കാരനാവാൻ കഴിയുന്ന താരം. ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് ചെർണിച്ചിനെ സ്വന്തമാക്കിയതെങ്കിലും ലിത്വാനിയൻ സ്വദേശിയായ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് വിജയിച്ചാൽ അത് പുതുക്കാൻ കഴിയുമെന്നുറപ്പാണ്.

ഐഎസ്എല്ലിൽ ആദ്യമായാണ് ചെർണിച്ച് കളിക്കുന്നതെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഒരു ഗോളും അസിസ്റ്റും താരം ടീമിനായി സ്വന്തമാക്കി. നിലവിൽ ലിത്വാനിയൻ ടീമിനൊപ്പമുള്ള താരം ദേശീയ ടീമിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയാൽ ഇതിനേക്കാൾ മികച്ച പ്രകടനം ചെർണിച്ചിന് നടത്താൻ കഴിയും.

അതിനു പുറമെ പരിക്കിൽ നിന്നും മോചിതനാകുന്ന പെപ്രയും അടുത്ത സീസണിൽ തിരിച്ചു വരുമെന്നതിനാൽ ദിമിത്രിയോസിന്റെ അഭാവം പരിഹരിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. എന്നാൽ ഇത്രയും പരിചയസമ്പത്തുള്ള, രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുന്ന താരത്തിനെ നിലനിർത്തുക തന്നെയാണ് ഏറ്റവും ബുദ്ധിപരമായ വഴി. എതിരാളികളുടെ തട്ടകത്തിൽ ദിമി എത്തിയാൽ അത് തിരിച്ചടി തന്നെയാണ്.

Kerala Blasters Can Easily Replace Dimitrios