ഇവാനു പകരക്കാരൻ ഗോവ പരിശീലകൻ മനോലോ മാർക്വസ്, നീക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കഴിഞ്ഞ ദിവസമാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് ഇനിയില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വർഷമായി ടീമിന്റെ പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായിരുന്നു. കിരീടങ്ങളൊന്നും സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും ഇവാന് കീഴിൽ ടീം മെച്ചപ്പെട്ടുവെന്ന് ഓരോ ആരാധകനും കരുതുന്നുണ്ട്.

ഇവാൻ വുകോമനോവിച്ച് ഇനി ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വന്നതിനാൽ പകരക്കാരൻ ആരാകുമെന്ന ചർച്ചയാണ് ആരാധകരുടെ ഇടയിൽ സജീവമായി നിൽക്കുന്നത്. ഇവാന് പകരക്കാരനായി എത്തുന്നവർ ഇവാനെക്കാൾ മികച്ചവൻ ആയിരിക്കണമെന്ന നിർബന്ധം ഫാൻസിനുണ്ട്. എന്തായാലും അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നിരാശപ്പെടുത്താൻ സാധ്യതയില്ല.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എഫ്‌സി ഗോവയുടെ പരിശീലകനായ മനോലോ മാർക്വസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നത്. 2020 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിലുള്ള സ്‌പാനിഷ്‌ പരിശീലകൻ മികച്ച തന്ത്രജ്ഞനാണ്. ഈ സീസണോടെ അദ്ദേഹം എഫ്‌സി ഗോവ വിടാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മൂന്നു വർഷം ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായിരുന്ന അദ്ദേഹം അവർക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ എഫ്‌സി ഗോവയെ ഐഎസ്എല്ലിന്റെ സെമി ഫൈനലിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യപാദത്തിൽ ഗോവ തോൽവി വഴങ്ങിയെങ്കിലും രണ്ടാം പാദത്തിൽ വിജയിച്ച് ഫൈനൽ കളിക്കാമെന്ന പ്രതീക്ഷ ടീമിനുണ്ട്.

ഇവാൻ വുകോമനോവിച്ചുമായി അടുത്ത ബന്ധമുള്ള പരിശീലകൻ കൂടിയാണ് മനോലോ മാർക്വസ്. ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന പ്രഖ്യാപനം വന്നപ്പോൾ ‘നിങ്ങളുടെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്ന നിമിഷമെല്ലാം ഞാൻ ആസ്വദിച്ചു, വീണ്ടും കണ്ടുമുട്ടാമെന്നു പ്രതീക്ഷിക്കുന്നു’ എന്നാണ് മനോലോ കുറിച്ചത്. അദ്ദേഹത്തെ സ്വന്തമാക്കിയാൽ അത് ആരാധകർക്ക് ആവേശം നൽകുന്ന കാര്യമായിരിക്കും.

Kerala Blasters Have Contacted Manolo Marquez