ഇന്ത്യൻ ഫുട്ബോളിൽ പുഷ്‌കാസ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള ഗോൾ പിറന്നു, അവിശ്വസനീയമായ ഗോളുമായി റിയൽ കാശ്‌മീർ താരം | Real Kashmir

ഐഎസ്എൽ വന്നതോടെ ആരാധകശ്രദ്ധ കുറഞ്ഞ ലീഗാണ് മുൻപ് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായിരുന്ന ഐ ലീഗ്. എന്നാൽ ഈ സീസണിൽ ഐഎസ്എല്ലിനെക്കാൾ മികച്ച പോരാട്ടവും മികച്ച മത്സരങ്ങളും നടക്കുന്നത് ഐ ലീഗിലാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലീഗ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ കിരീടത്തിനായി നാല് ടീമുകളാണ് പ്രധാനമായും പോരാടുന്നത്.

കഴിഞ്ഞ ദിവസം ഈ സീസണിൽ ഇന്ത്യൻ ഫുട്ബോളിൽ പിറന്ന ഏറ്റവും മികച്ച ഗോളിനും ഐ ലീഗ് സാക്ഷ്യം വഹിച്ചു. റിയൽ കാശ്‌മീരും ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് അവിശ്വസനീയമായ ഗോൾ പിറന്നത്. റിയൽ കാശ്മീരിന്റെ ഐവറി കോസ്റ്റ് താരമായ ഗ്നോഹെരെ ക്രിസോയാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിലാണ് ഗോൾ പിറന്നത്. പിൻനിരയിൽ നിന്നും റിയൽ കാശ്‌മീർ മധ്യനിര താരമായ കാർലോസ് ലോംബ നൽകിയ പന്ത് ക്രിസോയുടെ കാലുകളിലാണ് എത്തിയത്. പന്ത് നിലം തൊടുന്നതിനു മുൻപ് രണ്ടു തവണ കൃത്യമായി കാലുകളിൽ ഒതുക്കി തിരിഞ്ഞ താരം നേരെ ഒരു വോളീ ഷോട്ട് എടുത്തപ്പോൾ ഗോൾകീപ്പർക്കത് തടുക്കാൻ കഴിഞ്ഞില്ല.

അവിശ്വസനീയമായ ഒരു പൊസിഷനിൽ വളരെ മികച്ച പന്തടക്കം പുലർത്തി അവിശ്വസനീയമായ ഒരു ഷോട്ടിലൂടെയാണ് ക്രിസോ ആ ഗോൾ നേടിയത്. ലോകത്തിലെ തന്നെ മികച്ച ഗോളിനുള്ള പുരസ്‌കാരമായ പുഷ്‌കാസ് അവാർഡ് നേടാൻ സാധ്യതയുള്ള ഒരു ഗോളാണ് താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നതെന്നതിൽ സംശയമില്ല. ഈ ഗോൾ പുഷ്‌കാസ് നേടിയാൽ അത് ചരിത്രമായി മാറും.

മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റിയൽ കാശ്‌മീർ വിജയം കണ്ടെത്തിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ ഇരുപത്തിയാറു പോയിന്റുമായി റിയൽ കാശ്‌മീർ രണ്ടാം സ്ഥാനത്തെത്തി. അതെ പോയിന്റുള്ള ഗോകുലം കേരള മൂന്നാമത് നിൽക്കുമ്പോൾ ഒരു മത്സരം കുറവ് കളിച്ച് അതെ പോയിന്റുമായി ശ്രീനിഥി ഡെക്കാൻ നാലാമത് നിൽക്കുന്നു. ഒരു മത്സരം കൂടുതൽ കളിച്ച് മുപ്പത്തിനാല് പോയിന്റുള്ള മൊഹമ്മദാനാണ് ഒന്നാം സ്ഥാനത്ത്.

Real Kashmir Player Scored Incredible Goal