ഗോവക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്തയുണ്ട്, ആരാധകരുടെ പ്രതീക്ഷ കാക്കാൻ വിജയം അനിവാര്യം | Kerala Blasters

ഞൊടിയിടയിൽ മോശം ഫോമിലേക്ക് വീണുപോയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ ലീഗിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ കരുത്തരായി നിന്നിരുന്ന ടീം അതിനു ശേഷം സൂപ്പർകപ്പ് മുതലിങ്ങോട്ട് തകർന്നു വീഴാൻ തുടങ്ങി. സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരം വിജയിച്ചതിനു ശേഷം നടന്ന അഞ്ചു മത്സരങ്ങളിലും തോൽവി വഴങ്ങിയെന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ദുരവസ്ഥ മനസിലാക്കി തരുന്നു.

അടുത്ത മത്സരത്തിൽ കൊച്ചിയിലെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെയാണ് നേരിടാൻ പോകുന്നത്. സീസൺ തുടങ്ങിയത് മുതൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ഗോവയെ നിലവിലെ സാഹചര്യത്തിൽ കീഴടക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന് കടുത്ത ആരാധകർ പോലും വിശ്വസിക്കുന്നുണ്ടാകില്ല. എന്തായാലും ഗോവക്കെതിരെ നടക്കുന്ന മത്സരത്തിൽ ദിമിത്രിയോസ് കളിക്കാൻ സാധ്യതയുള്ളത് ആശ്വാസമാണ്.

ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് കളിച്ചിരുന്നില്ല. ഫിറ്റ്നസ് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്നാണ് താരം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്നത്. നിലവിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ദിമിത്രിയോസിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകും.

അഡ്രിയാൻ ലൂണ ക്ലബ് വിട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ നയിക്കുന്നത് ദിമിത്രിയോസാണ്. ടീമിനായി മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ താരം കളിക്കാതിരുന്നത് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയുടെ പ്രകടനത്തെ വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. അടുത്ത മത്സരത്തിൽ അതിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഗോവക്കെതിരായ മത്സരത്തിൽ വിജയം നേടേണ്ടത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. നിലവിൽ ടീമിന്റെ മോശം ഫോമിനെത്തുടർന്ന് ആരാധകപിന്തുണ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അടുത്ത മത്സരത്തിലും തോൽവി വഴങ്ങിയാൽ അതൊന്നു കൂടി മോശം സാഹചര്യത്തിലേക്ക് പോകുമെന്നതിൽ യാതൊരു സംശയവുമില്ല.

Dimitrios Available For Next Kerala Blasters Match