മെസി തുടങ്ങിയിട്ടേയുള്ളൂ, അടുത്ത കിരീടത്തിനായി താരം തയ്യാറെടുത്തുവെന്ന് ഇന്റർ മിയാമി ഉടമ | Messi

ഇന്റർ മിയാമിയിൽ ലയണൽ മെസി അതിഗംഭീരമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. മെസി വരുന്ന സമയത്ത് നിരന്തരമായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ക്ലബായിരുന്നു ഇന്റർ മിയാമിയെങ്കിൽ ഇപ്പോൾ തുടർച്ചയായ ഏഴു വിജയങ്ങളോടെ ലീഗ്‌സ് കപ്പ് ഇന്റർ മിയാമി സ്വന്തമാക്കിയിരിക്കുന്നു. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കിരീടമാണ് ലയണൽ മെസി ഉയർത്തിയത്. അതുകൊണ്ടു തന്നെ അമേരിക്കയിൽ താരം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്റർ മിയാമിക്കൊപ്പം കിരീടം ഉയർത്തിയതോടെ കരിയറിൽ നാൽപത്തിനാല് കിരീടങ്ങളാണ് ലയണൽ മെസി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഏറ്റവുമധികം കിരീടങ്ങൾ നേടിയ ഫുട്ബോൾ താരമെന്ന റെക്കോർഡിൽ ഡാനി അൽവാസിനെ മറികടന്ന് മെസി ഒറ്റക്ക് മുന്നിലെത്തി. അതേസമയം ഈ നേട്ടങ്ങൾക്കൊപ്പം മറ്റൊരു കിരീടം കൂടി കൂട്ടിച്ചേർക്കാൻ ലയണൽ മെസിക്ക് അവസരമുണ്ട്. ഫൈനലിന് ശേഷം ഇന്റർ മിയാമി ഉടമ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്‌തു.

ഇന്ന് നടന്ന ഫൈനലിന് ശേഷം മെസിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇന്റർ മിയാമി സഹ ഉടമയായ ജോർജ് മാസ് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. “ബുധനാഴ്‌ച നടക്കാൻ പോകുന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ പോരാട്ടത്തെക്കുറിച്ച് ലയണൽ മെസി ഇപ്പോൾ തന്നെ ചിന്തിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്. മത്സരങ്ങളുടെ കാര്യത്തിൽ മെസിയൊരു അമാനുഷികനാണ്.” മാസ് പറഞ്ഞു. മെസി അടുത്ത കിരീടം ലക്ഷ്യമിടുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്.

അതേസമയം യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും അത്ര എളുപ്പമാകില്ല എന്നുറപ്പാണ്. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ ഇന്റർ മിയാമി അവസാന സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ ആദ്യസ്ഥാനത്ത് നിൽക്കുന്ന സിൻസിനാറ്റിയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. മൂന്നാം സ്ഥാനത്തുള്ള ഫിലാഡൽഫിയ യൂണിയൻ, നാലാമതുള്ള നാഷ്‌വില്ലേ എന്നിവരെ തോൽപ്പിച്ചത് ഇന്റർ മിയാമിക്ക് പ്രതീക്ഷയാണ്.

Messi Focused On US Open Cup Semi Final