അവസാനസ്ഥാനത്തു കിടന്ന ടീമിന് അസാധ്യമായത് നേടിക്കൊടുത്ത മുപ്പത്തിയാറുകാരൻ, ലയണൽ മെസി തന്നെ യഥാർത്ഥ ഗോട്ട് | Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയപ്പോൾ കടുത്ത മെസി ആരാധകർ പോലും ടീമിന് ഇത്രയും വലിയ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്തു കിടക്കുന്ന ടീം അതിനു മുൻപ് നടന്ന ഇരുപത്തിരണ്ടു മത്സരങ്ങളിൽ അഞ്ചു വിജയം മാത്രമാണ് നെറ്റിയിട്ടുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇന്റർ മിയാമിയിൽ ലയണൽ മെസി എത്തുമ്പോൾ വലിയൊരു ഉത്തരവാദിത്വമാണ് താരത്തിന് മുന്നിലുള്ളതെന്ന് ഏവരും വിലയിരുത്തി.

എന്നാൽ ഇന്റർ മിയാമിക്കൊപ്പമുള്ള ആദ്യത്തെ മത്സരം മുതൽ തന്റെ മികവ് ലയണൽ മെസി തെളിയിച്ചു കൊണ്ടിരുന്നു. അതിനു മുൻപ് ഇരുപത്തിരണ്ടു മത്സരങ്ങളിൽ അഞ്ചു വിജയം മാത്രം നേടിയ ടീം അതിനു ശേഷം നടന്ന ഏഴു മത്സരങ്ങളിൽ വിജയം നേടുകയും ലീഗ്‌സ് കപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്‌തു. ഇന്റർ മിയാമി ക്ലബ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുന്നതും കിരീടം സ്വന്തമാക്കുന്നതും.

അതിനു പുറമെ ഇന്റർ മിയാമിക്ക് കോൺകാഫ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കാനും ലയണൽ മെസിക്ക് കഴിഞ്ഞു. ലീഗ്‌സ് കപ്പിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് കോൺകാഫ് ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്ന നിയമം വെച്ചാണ് ഇന്റർ മിയാമി യോഗ്യത നേടിയത്. അതിൽ തന്നെ ലീഗ്‌സ് കപ്പിൽ കിരീടം സ്വന്തമാക്കിയതിനാൽ ഇന്റർ മിയാമി കോൺകാഫ് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മിയാമി കോൺകാഫ് ചാമ്പ്യൻസ് ലീഗിനും യോഗ്യത നേടുന്നത്. ഇതിനെല്ലാം പുറകിൽ പ്രവർത്തിച്ചത് ലയണൽ മെസിയെന്ന മുപ്പത്തിയാറുകാരനായ താരമാണ്. ഇന്റർ മിയാമിക്കൊപ്പം കളിച്ച ഏഴു മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളാണ് ലയണൽ മെസി നേടിയത്. അതിനു പുറമെ ഒരു ഗോളിന് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞു. ഇതിൽ അഞ്ചു മത്സരങ്ങളിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസി തന്നെയായിരുന്നു.

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ വിജയം സ്വന്തമാക്കിയ ലയണൽ മെസി താൻ മിന്നുന്ന ഫോമിലാണ് തെളിയിച്ചിരുന്നു. പിഎസ്‌ജിയിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്‌തു. എന്നാൽ ഇന്റർ മിയാമിയിൽ പൂർണ സ്വാതന്ത്ര്യവും സഹതാരങ്ങളുടെ മികച്ച പിന്തുണയും ലഭിച്ചതോടെ തന്റെ മികവ് പുറത്തെടുക്കാൻ താരത്തിനായി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും താരം നിരവധി കിരീടങ്ങൾ നേടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

36 Year Old Messi Doing Impossible With Inter Miami