ലയണൽ മെസിയെ വിടാൻ സൗദി അറേബ്യ ഒരുക്കമല്ല, അർജന്റീന താരത്തിനായി വീണ്ടും നീക്കങ്ങളാരംഭിച്ചു | Messi

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി വമ്പൻ താരങ്ങളാണ് സൗദി അറേബ്യൻ ക്ലബുകളിലേക്ക് ചേക്കേറിയത്. വമ്പൻ തുക പ്രതിഫലം നൽകി ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ സൗദി അറേബ്യ അതിനു ശേഷം വലിയ തുകകൾ വാരിയെറിഞ്ഞ് യൂറോപ്പിൽ നിന്നും നിരവധി താരങ്ങളെ തങ്ങളുടെ ലീഗിലെത്തിച്ചു. ബെൻസിമ, ഫിർമിനോ, മാനെ, കാന്റെ, നെയ്‌മർ, ഹെൻഡേഴ്‌സൺ, കൂളിബാളി എന്നിവരെല്ലാം അതിലുൾപ്പെടുന്നു.

നിരവധി വമ്പൻ താരങ്ങൾ സൗദിയെ തിരഞ്ഞെടുക്കുമ്പോഴും അവരുടെ ഓഫർ തഴയുകയാണ് ലയണൽ മെസി ചെയ്‌തത്‌. താരത്തിനായി ലോകഫുട്ബോളിലെ തന്നെ ഏറ്റവുമുയർന്ന തുക തന്നെ സൗദി അറേബ്യ വാഗ്‌ദാനം ചെയ്‌തിട്ടും അതിനു മെസി സമ്മതം മൂളിയില്ല. തന്റെ കുടുംബത്തിന്റെ സന്തോഷത്തിനും ശാന്തമായ ജീവിതത്തിനും വേണ്ടി ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയും അവിടെ മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

മെസി ഇന്റർ മിയാമിയിൽ എത്തിയെങ്കിലും താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സൗദി അറേബ്യ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സൗദി മാധ്യമമായ അൽ ബിദാദ് ഡെയ്‌ലിയുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിയാമിയുമായി മെസിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്താൻ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഒരുങ്ങുകയാണ്. താരത്തെ ലോൺ കരാറിൽ ടീമിലെത്തിക്കാനുള്ള ശ്രമമാണ് സൗദി അറേബ്യ നടത്തുന്നത്.

സൗദി അറേബ്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്തെ നാല് പ്രധാന ക്ലബുകളെ ഏറ്റെടുത്തിരുന്നു. അൽ നസ്ർ, അൽ ഹിലാൽ, അൽ അഹ്ലി, അൽ ഇത്തിഹാദ് തുടങ്ങിയ ക്ലബുകൾക്കെല്ലാം ഫണ്ട് നൽകുന്നത് ഇവരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമകളും സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ്. ഇന്റർ മിയാമിയുമായുള്ള ചർച്ചകൾ വിജയിച്ചാൽ ലയണൽ മെസി സൗദിയിൽ കളിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

Saudi Arabia Preparing New Offer To Messi