ഞങ്ങളായിരുന്നു മികച്ച ടീം, മെസിയില്ലായിരുന്നെങ്കിൽ കിരീടം നേടുമായിരുന്നുവെന്ന് നാഷ്‌വില്ലേ പരിശീലകൻ | Messi

നാഷ്‌വില്ലേ എഫ്‌സിക്കെതിരെ നടന്ന ലീഗ്‌സ് കപ്പ് ഫൈനൽ പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്റർ മിയാമിക്ക് കടുപ്പമേറിയ മത്സരമായിരുന്നു. അവസരങ്ങൾ കണ്ടെത്താൻ ഇന്റർ മിയാമി ബുദ്ധിമുട്ടിയെങ്കിലും ലയണൽ മെസിയുടെ മികവ് അവരെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച നാഷ്‌വില്ലെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലെത്തിച്ചു. രണ്ടു ടീമുകൾക്കും മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിയാതിരുന്നതാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

നാഷ്‌വില്ലേ എട്ടു തവണയും ഇന്റർ മിയാമി ഏഴു തവണയുമാണ് ഗോളിലേക്ക് ഷോട്ടുകൾ ഉതിർത്തത്. മത്സരത്തിന് ശേഷം നാഷ്‌വില്ലേ പരിശീലകൻ ഗാരി സ്‌മിത്ത് തങ്ങളാണു മത്സരത്തിൽ മികച്ചു നിന്നതെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ലയണൽ മെസിയുടെ വ്യക്തിഗത മികവിനെ പ്രശംസിച്ച അദ്ദേഹം അർജന്റീന താരം ഇല്ലായിരുന്നെങ്കിൽ തീർച്ചയായും തങ്ങൾ ഫൈനലിൽ വിജയവും കിരീടവും നേടുമായിരുന്നുവെന്നാണ് മത്സരത്തിനു ശേഷം പ്രതികരിച്ചത്.

“ഞങ്ങളായിരുന്നു ഇന്നത്തെ ദിവസം മികച്ച ടീമെന്നാണ് എനിക്ക് പ്രത്യക്ഷത്തിൽ തോന്നിയത്, ഞങ്ങൾ കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. എന്നാൽ സന്ദർഭത്തിനനുസരിച്ച് ഉയർന്നു വരാൻ കഴിയുന്ന, അവരുടെ ടീമിലുണ്ടായിരുന്ന താരം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ തന്നെ വിജയം നേടിയേനെ. മെസി നേടിയ ഗോൾ അവിശ്വസനീയമായിരുന്നു, ഒന്നുമില്ലായ്‌മയിൽ നിന്നാണ് ആ ഗോൾ വന്നത്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗാരി സ്മിത്ത് പറഞ്ഞു.

ലയണൽ മെസിയെ മെരുക്കാൻ തന്റെ താരങ്ങൾക്ക് കഴിഞ്ഞെങ്കിലും ചില സമയങ്ങളിൽ താരത്തെ തടുക്കുക ആർക്കും കഴിയാത്ത കാര്യമാണെന്നാണ് ഗാരി സ്‌മിത്ത്‌ പറയുന്നത്. ഒരു ഗോൾ നേടിയ മെസി രണ്ടാമത് ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് അതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കരുതുന്നു. ടൂർണമെന്റിലുടനീളം ഇന്റർ മിയാമി നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Nashville Coach About Lionel Messi Performance In Final