അടുത്ത വിദേശതാരമെത്തി, ആഫ്രിക്കയിൽ നിന്നൊരു ഗോളടിവീരനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഡ്യൂറന്റ് കപ്പിൽ നിന്നുള്ള പുറത്താകലിനു പിന്നാലെ പുതിയ വിദേശതാരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നും മുന്നേറ്റനിര താരമായ ക്വാമേ പേപ്പറാഹിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 2025 വരെ നീണ്ടു നിൽക്കുന്ന രണ്ടു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് ക്വാമേയെ സ്വന്തമാക്കിയത്. താരത്തെ ടീമിലെത്തിച്ച വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഘാന, സൗത്ത് ആഫ്രിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ ഫസ്റ്റ് ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ക്വാമേ. ഘാനയിലെ കുമാസിയിൽ നിന്നുള്ള താരം രാജ്യത്തെ ക്ലബായ കിംഗ് ഫൈസലിലൂടെയാണ് പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്നത്. പതിനെട്ടാം വയസിൽ അരങ്ങേറ്റം നടത്തി പതിമൂന്നു മത്സരങ്ങളിൽ രണ്ടു ഗോളുകൾ നേടിയ താരം 2020/21 സീസണിൽ പന്ത്രണ്ടു ഗോളുകൾ നേടി ടീമിന്റെ ടോപ് സ്കോററായിരുന്നു.

അതിനു ശേഷം സൗത്ത് ആഫ്രിക്കൻ ക്ലബായ ഒർലാണ്ടോ പൈറേറ്റ്സിലേക്ക് ചേക്കേറിയ സീസൺ അവിടുത്തെ ആദ്യത്തെ സീസണിൽ തന്നെ തിളങ്ങി. ടീമിനായി അരങ്ങേറ്റം നടത്തിയ സീസണിൽ ഏഴു ഗോളുകൾ നേടിയ താരം ടീമിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിനുള്ള ലിസ്റ്റിലും ഉണ്ടായിരുന്ന താരം അതിനു ശേഷം മരിറ്റസൽ യുണൈറ്റഡ്, ഹപോയേൽ ഹദീര തുടങ്ങിയ ക്ലബുകളിൽ ലോണിലും കളിച്ചിട്ടുണ്ട്.

ചെറിയ പ്രായത്തിൽ തന്നെ മികച്ച പ്രകടനം നടത്തിയ താരം കേരള ബ്ലാസ്റ്റേഴ്‌സിനു വലിയൊരു മുതൽക്കൂട്ട് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. താരത്തിന്റെ ഫുട്ബോൾ മികവും കായികപരമായുള്ള ശേഷിയും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നതാണ്. ഫാസ്റ്റ് ഫൂട്ടഡ് ഫോർവേഡായ ക്വാമേ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രതിരോധനിര താരങ്ങൾക്ക് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Kerala Blasters Signed Kwame Peprah