അർജന്റീന പരാജയപ്പെട്ട ഫൈനലുകളാണ് കൺമുന്നിൽ തെളിഞ്ഞത്, ഇന്റർ മിയാമിയുടെ വിജയത്തെക്കുറിച്ച് പരിശീലകൻ | Tata Martino

ഇന്റർ മിയാമിയും നാഷ്‌വില്ലേയും തമ്മിൽ നടന്ന ലീഗ്‌സ് കപ്പ് ഫൈനൽ വളരെ ആവേശകരമായ ഒന്നായിരുന്നു. ലയണൽ മെസിയും ബുസ്‌ക്വറ്റ്‌സും ആൽബയും അണിനിരന്ന ഇന്റർ മിയാമിയെ ഒട്ടും പേടിക്കാതെ കളിച്ച നാഷ്‌വില്ലേ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഘട്ടത്തിൽ അവർ വിജയത്തിന്റെ അരികിൽ എത്തുകയും ചെയ്‌തു. ഒടുവിൽ പതിനൊന്നു കിക്കുകൾ നീണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു സേവുകൾ നടത്തിയ ഗോൾകീപ്പറുടെ മികച്ച പ്രകടനം ഇന്റർ മിയാമിക്ക് വിജയം നൽകുകയായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിനു മുൻപേ തന്നെ മത്സരം സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് അവസരമുണ്ടായിരുന്നു. അവസാന മിനുട്ടിൽ ബുസ്‌ക്വറ്റ്സ് നൽകിയ മനോഹരമായ ലോങ്ങ് പാസ് സ്വീകരിച്ച ഇന്റർ മിയാമി താരം കാമ്പാനക്ക് ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോൾ നേടാൻ കഴിയുമായിരുന്നെങ്കിലും താരം അത് അവിശ്വസനീയമായ രീതിയിൽ നഷ്‌ടപ്പെടുത്തി. അതിനു പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയും ചെയ്‌തു.

കാമ്പാന അവസരം നഷ്‌ടമാക്കിയതും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതും തനിക്ക് പഴയ ചില ഓർമ്മകൾ തിരിച്ചു കൊണ്ടുവന്നുവെന്നാണ് ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ കഴിഞ്ഞ ദിവസം പറഞ്ഞത്. ജെറാർഡ് മാർട്ടിനോ പരിശീലകനായിരിക്കുന്ന സമയത്താണ് രണ്ടു കോപ്പ അമേരിക്ക ഫൈനലുകളിൽ അർജന്റീന ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത്. ആ ഓർമ ഇന്റർ മിയാമിയുടെ മത്സരത്തിനിടെ തനിക്ക് വന്നുവെന്നാണ് മാർട്ടിനോ പറഞ്ഞത്.

“കാമ്പാന അവസാന നിമിഷത്തിൽ അവസരം നഷ്‌ടമാക്കിയതും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്‌തതോടെ അർജന്റീന ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയ രണ്ടു കോപ്പ അമേരിക്ക ഫൈനലുകളാണ് എന്റെ മനസിലേക്ക് ഓടി വന്നത്. എന്നാൽ ഭാഗ്യവശാൽ ഞാൻ ചിന്തിച്ചതു പോലെയല്ല സംഭവിച്ചത്.” ടാറ്റ മാർട്ടിനോ പറഞ്ഞു.

ലയണൽ മെസിയെ ഇന്റർ മിയാമിയിൽ എത്തിച്ചതിനു പിന്നാലെയാണ് ടാറ്റ മാർട്ടിനോയെ പരിശീലകനായി ക്ലബ് നിയമിച്ചത്. ഇതിനു മുൻപ് എംഎൽഎസ് ക്ലബായ അറ്റ്‌ലാന്റാ യുണൈറ്റഡിന്റെ പരിശീലകനായി ടാറ്റ മാർട്ടിനോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവർക്കൊപ്പം എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻഷിപ്പും, എംഎൽഎസ് കപ്പും സ്വന്തമാക്കിയ അദ്ദേഹം അമേരിക്കയിൽ നേടുന്ന മൂന്നാമത്തെ കിരീടമാണിത്.

Tata Martino Says Two Copa America Finals Crossed In His Mind