പ്രായമേറുന്തോറും കൂടുതൽ അപകടകാരിയായി മാറുന്ന ലയണൽ മെസി, അവസാനം കളിച്ച ആറു ഫൈനലുകളിലും കിരീടം | Messi

മുപ്പത്തിയാറാം വയസിലും ഫുട്ബോൾ ലോകത്ത് ലയണൽ മെസിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇനി കരിയറിൽ ഒന്നും നേടാൻ ബാക്കിയില്ലാത്തതിന്റെ അനായാസതയോടെ കളിക്കുന്ന ലയണൽ മെസിക്ക് ഇന്റർ മിയാമിക്ക് ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകാൻ വേണ്ടി വന്നത് വെറും ഏഴു മത്സരങ്ങൾ മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ വിജയം നേടിയാണ് ഇന്റർ മിയാമി കിരീടം സ്വന്തമാക്കിയത്.

അവസാനം കളിച്ച ആറു ഫൈനലുകളിലും കിരീടം സ്വന്തമാക്കുകയെന്ന നേട്ടം കൂടിയാണ് ലയണൽ മെസി ഇതിലൂടെ സ്വന്തമാക്കിയത്. 2021ൽ ബാഴ്‌സലോണക്കായി കോപ്പ ഡെൽ റേ സ്വന്തമാക്കിയ മെസി അതിനു ശേഷം കളിച്ച എല്ലാ ഫൈനലുകളിലും വിജയം സ്വന്തമാക്കി. അതിൽ നാലെണ്ണത്തിൽ കളിയിലെ താരവും മൂന്നെണ്ണത്തിൽ ടൂർണമെന്റിലെ മികച്ച താരവുമായി ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്ന കാര്യമാണ്.

2021 കോപ്പ ഡെൽ റേ ഫൈനലിൽ രണ്ടു ഗോളുകൾ നേടിയ മെസി കളിയിലെ താരമായി കിരീടം സ്വന്തമാക്കി. അതിനു ശേഷം അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടമാണ് താരം നേടിയത്. ടൂർണമെന്റിലെ ടോപ് സ്‌കോറർ, മികച്ച താരം എന്നീ പുരസ്‌കാരങ്ങളും മെസി നേടിയിരുന്നു. അതിനു ശേഷം മെസി കളിക്കുന്ന ഫൈനൽ 2022ലെ ഫൈനലൈസിമ ആയിരുന്നു. രണ്ട് അസിസ്റ്റുകൾ മത്സരത്തിൽ നൽകിയ താരം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയുണ്ടായി.

അതിനു ശേഷം പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് സൂപ്പർ കപ്പ് നേടിയ മെസി മത്സരത്തിൽ ഒരു ഗോൾ നേടി കളിയിലെ താരമായി. 2022 ഡിസംബറിൽ നടന്ന ലോകകപ്പാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കിരീടം. ഫൈനലിൽ രണ്ടു ഗോളുകൾ നേടിയ ലയണൽ മെസി കളിയിലെ താരമായതിനു പുറമെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. ഇപ്പോൾ ഇന്റർ മിയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയ മെസി ടൂർണമെന്റിലെ മികച്ച താരം, ടോപ് സ്‌കോറർ എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഇതിനിടയിൽ ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ നിന്നും ലയണൽ മെസി കളിച്ച ടീമുകൾ പുറത്തായിട്ടുണ്ടെങ്കിലും ഫൈനൽ കളിച്ചതിലൊന്നും താരം പരാജയം അറിഞ്ഞിട്ടില്ല. മുപ്പത്തിയാറാം വയസിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ലയണൽ മെസി നിർണായക മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രായമേറുന്തോറും മെസി കൂടുതൽ അപകടകാരിയായി മാറുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

Messi Won Last Six Finals He Played