അൻസു ഫാറ്റി റയൽ മാഡ്രിഡിലേക്കോ, ആൻസലോട്ടിയുടെ വാക്കുകളിൽ പ്രതികരണവുമായി സാവി | Ansu Fati

ബാഴ്‌സലോണ യുവതാരം അൻസു ഫാറ്റി റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി പരിശീലകനായ സാവി ഹെർണാണ്ടസ്. പതിനാറാം വയസിൽ തന്നെ ബാഴ്‌സലോണ സീനിയർ ടീമിലിടം നേടി മികച്ച പ്രകടനം നടത്തിയ താരത്തിന് പരിക്കേറ്റതിനു ശേഷം മികവ് കാണിക്കാൻ കഴിഞ്ഞിട്ടില്ല. സാവിക്ക് താരത്തിൽ താൽപര്യമില്ലെന്നും ഈ സമ്മറിൽ ഒഴിവാക്കുമെന്നുമുള്ള റിപ്പോർട്ടുകളുടെ ഇടയിലാണ് റയൽ മാഡ്രിഡുമായി ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി പ്രതികരണം അറിയിച്ചിരുന്നു. “ഞാനെന്താണ് പറയേണ്ടത്. അൻസു ഫാറ്റിമികച്ചൊരു യുവതാരമാണ്, വലിയൊരു ഭാവി താരത്തെ കാത്തിരിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഞാനങ്ങനെ വിടുന്നു” എന്നാണു ആൻസലോട്ടി പ്രതികരിച്ചത്. ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ അദ്ദേഹം യാതൊരു തരത്തിലും നിഷേധിച്ചില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസും പ്രതികരിച്ചു. ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ അദ്ദേഹം പൂർണമായും തള്ളിക്കളയുകയാണുണ്ടായത്. “അതൊരു തമാശയല്ലേ? ഈ അഭ്യൂഹങ്ങളിൽ ഒരു യുക്തിയുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഫാറ്റി ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. അതങ്ങിനെ തന്നെ തുടരുകയും ചെയ്യും. ക്ലബിന്റെ പ്രധാനപ്പെട്ട ഒരാളാണ് താരം, വ്യക്തമായെന്ന് കരുതുന്നു.” സാവി പറഞ്ഞു.

മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കെ സംഭവിച്ച പരിക്കാണ് ഫാറ്റിയുടെ ഫോമിനെ ബാധിച്ചത്. അതിനു ശേഷം വേണ്ടത്ര തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടില്ല. സാവിയുടെ കീഴിൽ പകരക്കാരനായി കൂടുതലും അവസരം ലഭിക്കുന്ന താരം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. മെസി പോയതിനു ശേഷം ബാഴ്‌സലോണയുടെ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ താരം കൂടിയാണ് ഫാറ്റി.

Xavi Responds To Ansu Fati To Real Madrid Rumours