പരിശീലകസ്ഥാനത്ത് തുടരാൻ തീരുമാനിച്ച സാവിയെ പുറത്താക്കാൻ ബാഴ്‌സലോണ, തീരുമാനം ഉടനെയുണ്ടാകും | Barcelona

ബാഴ്‌സലോണ പരിശീലകനായ സാവിയെ ക്ലബ് പുറത്താക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഈ സീസൺ അവസാനിച്ചാൽ പരിശീലകസ്ഥാനത്തുണ്ടാകില്ലെന്ന് സാവി മുൻപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റിയിരുന്നു. എന്നാൽ സാവിയോട് ക്ലബിൽ തുടരാൻ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ പുറത്താക്കാൻ ഒരുങ്ങുന്നുവെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്ത സീസണിലും സാവി പരിശീലകനായി തുടരണമെന്നാണ് ബാഴ്‌സലോണ നേതൃത്വം ആഗ്രഹിച്ചിരുന്നത്. എന്നാൽ അൽമേരിയക്കെതിരായ മത്സരത്തിന് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ ക്ലബ് നേതൃത്വത്തിൽ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന ടീമിന് റയൽ മാഡ്രിഡിനോട് മത്സരിക്കാൻ കഴിയില്ലെന്നും വിറ്റർ റോക്യൂവിനെ ജനുവരിയിൽ എത്തിക്കാൻ ബാഴ്‌സലോണ തീരുമാനിച്ചിരുന്നില്ലെന്നും സാവി പറഞ്ഞിരുന്നു.

താരത്തിന്റെ ഈ പ്രതികരണം ക്ലബ് പ്രസിഡന്റ് ലപോർട്ടയിൽ വലിയ അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട്. സാവിയെ ക്ലബ് പരിശീലകനായി തുടരാൻ സമ്മതിപ്പിച്ച സമയത്ത് അദ്ദേഹം ഈ ടീമിൽ സംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അക്കാര്യം മാറ്റിപ്പറഞ്ഞതാണ് ക്ലബ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. അതിനു പുറമെ സാവിയുടെ പ്രതികരണത്തിൽ മറ്റുള്ള ബോർഡ് മെമ്പർമാർക്കും അതൃപ്‌തിയുണ്ട്.

റയോ വയ്യക്കാനൊക്കെതിരെ നടക്കാനിരിക്കുന്ന അവസാനത്തെ ലീഗ് മത്സരത്തിന് ശേഷം സാവിയെ ഒഴിവാക്കുന്ന കാര്യം ബാഴ്‌സലോണ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സാവി പുറത്തു പോയാൽ അത് ടീമിനാകത്ത് പ്രതിസന്ധി സൃഷ്‌ടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും ബാഴ്‌സലോണയിലെ പ്രതിസന്ധി ഇനിയും തുടരുമെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നു.

Barcelona Set To Sack Xavi Soon