അതു ഗോളാണെന്നു വ്യക്തമായാൽ എൽ ക്ലാസിക്കോ വീണ്ടും നടന്നേക്കും, സുപ്രധാന വെളിപ്പെടുത്തലുമായി ബാഴ്‌സലോണ പ്രസിഡന്റ് | FC Barcelona

കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ മത്സരം ഒരുപാട് വിവാദങ്ങൾ ഉയർത്തിയിരുന്നു. ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് കീഴടക്കിയ മത്സരത്തിൽ റഫറിയിങ് പിഴവുകൾ തന്നെയാണ് ചോദ്യങ്ങൾ ഉയർത്തിയത്. അതിൽ തന്നെ ബാഴ്‌സലോണ കൗമാരതാരം ലാമിൻ യമാൽ നേടിയ ഗോൾ ഗോൾലൈൻ ടെക്‌നോളജി ഇല്ലെന്ന കാരണം പറഞ്ഞു നിഷേധിച്ചാണ് ഏറെ പ്രതിഷേധം ഉണ്ടാക്കിയത്.

എന്നാൽ ആ തീരുമാനത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വീഡിയോ റഫറിയിങ് സംവിധാനത്തെ താൻ പിന്തുണച്ചിട്ടില്ലെങ്കിലും ഇപ്പോൾ ആ സൗകര്യം ലഭ്യമായതിനാൽ തന്നെ മത്സരങ്ങളിൽ ഉണ്ടാകുന്ന പിഴവുകൾ പരമാവധി ഒഴിവാക്കണമെന്നും എന്നാൽ അതല്ല സംഭവിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.

യമാൽ നേടിയ ഗോളിന്റെ എല്ലാ തരത്തിലുള്ള വീഡിയോ, ഓഡിയോ ഫൂട്ടേജുകളും താൻ ബന്ധപ്പെട്ട അധികാരികളോട് ചോദിച്ചിട്ടുണ്ടെന്നും അതു പരിശോധിച്ചതിനു ശേഷം പന്ത് ഗോൾലൈൻ കടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യൻ ഫുട്ബോളിൽ ഇതുപോലെ വീഡിയോ റഫറിയിങ് പിഴവുണ്ടായ ഒരു മത്സരം വീണ്ടും നടത്തിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെൽജിയൻ ലീഗിൽ ആൻഡർലെറ്റും ജെങ്കും തമ്മിൽ നടന്ന മത്സരത്തിലാണ് വീഡിയോ റഫറിയിങ് പിഴവ് കണ്ടെത്തിയത്. അതിനെത്തുടർന്ന് രണ്ടു ടീമുകളും വീണ്ടും ഏറ്റുമുട്ടിയ കാര്യമാണ് ലപോർട്ട പരാമർശിച്ചത്.

മത്സരത്തിലെ ഏറ്റവും ഗുരുതരമായ പിഴവാണ് ലപോർട്ട ചൂണ്ടിക്കാട്ടിയത്. എന്നാൽ അതിനു പുറമെ റയൽ മാഡ്രിഡിന് അനുകൂലമായി നിരവധി തീരുമാനങ്ങൾ റഫറി എടുത്തുവെന്ന ആരോപണം ബാഴ്‌സലോണ ആരാധകർ ഉയർത്തുന്നുണ്ട്. മത്സരം ബാഴ്‌സലോണക്ക് പ്രതികൂലമാക്കിയത് റഫറി തന്നെയാണെന്നാണ് ആരാധകരിൽ ഭൂരിഭാഗവും ചൂണ്ടിക്കാണിക്കുന്നത്.

FC Barcelona Will Ask For El Clasico Rematch