ഒരു മത്സരത്തിൽ പിറന്ന ഗോളുകളെല്ലാം നേടിയത് അർജന്റീന താരങ്ങൾ, അത്ലറ്റികോ മാഡ്രിഡിനെ ഞെട്ടിച്ച് പത്തൊൻപതുകാരൻ | Luka Romero

അർജന്റീന താരങ്ങളുടെ മിന്നുന്ന പ്രകടനം കണ്ട മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ച് അൽമേരിയ. ഇന്നലെ സ്‌പാനിഷ്‌ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും കൂടി നാല് ഗോളുകൾ നേടിയപ്പോൾ അവയെല്ലാം പിറന്നത് അർജന്റീന താരങ്ങളുടെ ബൂട്ടിൽ നിന്നുമായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്ന് അർജന്റീന താരങ്ങളാണ് രണ്ടു ടീമിനുമായി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ രണ്ടാമത്തെ മിനുട്ടിൽ തന്നെ അത്ലറ്റികോ മാഡ്രിഡ് മത്സരത്തിൽ മുന്നിലെത്തി. ഏഞ്ചൽ കൊറേയയാണ് അത്ലറ്റികോ മാഡ്രിഡിന്റെ ഗോൾ നേടിയത്. എന്നാൽ അത്ലറ്റികോയുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. എസി മിലാനിൽ നിന്നും ലോണിൽ അൽമേരിയയിൽ കളിക്കുന്ന ലൂക്ക റോമെറോ ഒരു മിന്നൽ ഷോട്ടിലൂടെ അൽമേറിയയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ അത്ലറ്റികോ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. ആ ഗോളിന് പിന്നിൽ പ്രവർത്തിച്ചതെല്ലാം അർജന്റീന താരങ്ങളായിരുന്നു.ലോകകപ്പ് ജേതാക്കളായ മോളിനയുടെ അസിസ്റ്റിൽ അർജന്റീന മധ്യനിര താരം റോഡ്രിഗോ ഡി പോളാണ് ലീഡ് നേടിയത്. എന്നാൽ വീണ്ടും ലൂക്ക റോമെറോ അൽമേരിയയുടെ രക്ഷക്കെത്തി. മറ്റൊരു മനോഹരഗോളിലൂടെ ടീമിന് സമനില നേടിക്കൊടുത്തു അർജന്റീന താരം.

വെറും പത്തോൻപത് വയസ് മാത്രം പ്രായമുള്ള ലൂക്ക റോമെറോ ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് എസി മിലാനിൽ നിന്നും അൽമേരിയ ടീമിലെത്തിയത്. മൂന്നു മത്സരങ്ങൾ കളിച്ച താരം ആദ്യ ഇലവനിൽ ഇറങ്ങുന്ന ആദ്യത്തെ കളിയായിരുന്നു ഇന്നലത്തേത്. അതിൽ മിന്നുന്ന പ്രകടനം നടത്തി ടീമിൽ സ്ഥാനമുറപ്പിക്കാൻ റൊമേറോക്ക് കഴിഞ്ഞു. മെസിക്ക് ശേഷം ലാ ലീഗയിൽ ഒരു മത്സരത്തിൽ രണ്ടു ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ അർജന്റീന താരം കൂടിയാണ് റോമെറോ.

സീസണിൽ ബാക്കിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ കോപ്പ അമേരിക്കക്കുള്ള അർജന്റീന ടീമിൽ സ്ഥാനം നേടാൻ ലൂക്ക റൊമേറോക്ക് കഴിയുമെന്നുറപ്പാണ്. ബോക്‌സിന് പുറത്തു നിന്നുമുള്ള ഗോളുകൾ നേടുന്നതിൽ പ്രത്യേക കഴിവ് റൊമേറോക്കുണ്ട്. അതേസമയം മത്സരത്തിൽ സമനില വഴങ്ങിയതോടെ അത്ലറ്റികോ മാഡ്രിഡിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് ഭീഷണി ഉയർന്നിട്ടുണ്ട്.

Luka Romero Brace Against Atletico Madrid