ഇവാൻ കരുത്തുറ്റ വ്യക്തിത്വം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗോവ പരിശീലകൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം ഫോം ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സീസണിന്റെ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രകടനം നടത്തുകയും ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ സാധ്യതയുള്ളതെന്ന് കരുതുകയും ചെയ്‌ത ടീം രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു പോകുന്ന കാഴ്‌ച ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്.

ഐഎസ്എൽ രണ്ടാം പകുതിയിൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് നാലാമത്തെ മത്സരത്തിനായി ഇന്നിറങ്ങുകയാണ്. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിന് തൊട്ടു മുകളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന എഫ്‌സി ഗോവയാണ് എതിരാളികൾ. നിലവിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണെങ്കിലും കൊച്ചിയുടെ മൈതാനത്ത് അവർ ഗംഭീരമായി തിരിച്ചു വരാൻ സാധ്യതയുണ്ടെന്നാണു ഗോവ പരിശീലകൻ പറയുന്നത്.

“ബാൽക്കനിക്ക് വ്യക്തികൾക്ക് കരുത്തുറ്റ വ്യക്തിത്വമുള്ളത് തെളിയിച്ച് ഇവാൻ വുകോമനോവിച്ച് വളരെ മികച്ചൊരു ഗ്രൂപ്പിനെയാണ് നയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം കളിക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയെങ്കിലും ശക്തമായ ആരാധകപിന്തുണയിൽ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിടുന്ന ഒരു ബ്ലാസ്റ്റേഴ്‌സിനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” മനോലോ മാർക്വസ് കഴിഞ്ഞ ദിവസം പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെത്തന്നെ മോശം ഫോമിലാണ് എഫ്‌സി ഗോവയുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഐഎസ്എൽ രണ്ടാം പകുതിയിൽ നാല് മത്സരങ്ങൾ ഇതുവരെ കളിച്ച അവർക്ക് ഹൈദെരാബാദിനെതിരെ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. അതിനു പുറമെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും എഫ്‌സി ഗോവ തോൽവി വഴങ്ങുകയും ചെയ്‌തു.

കൊച്ചിയിൽ ഇന്ന് നടക്കാൻ പോകുന്ന മത്സരം ഫോമിലേക്ക് തിരിച്ചുവരാൻ രണ്ടു ടീമുകൾ തമ്മിൽ നടക്കുന്ന പോരാട്ടം കൂടിയാകുമെന്നതിൽ സംശയമില്ല. പോയിന്റ് ടേബിളിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ടു ടീമുകൾക്കും വിജയം അനിവാര്യമാണ്. അല്ലെങ്കിൽ പുറകിലുള്ള ടീമുകൾ ഇവരെ മറികടന്നു മുന്നേറി വരാനുള്ള എല്ലാ സാധ്യതയുമുണ്ട്.

Kerala Blasters Will Come Back Says FC Goa Coach