ദിമിത്രിയോസിനു കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ട്, പുതിയ പരിശീലകനായി ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് മാർക്കസ് മെർഗുലാവോ | Kerala Blasters

ഈ സീസൺ കഴിഞ്ഞതോടെ ടീമിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് പുതിയ പരിശീലകനായി ആരെത്തുമെന്നതാണ്. അതിനു പുറമെ ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ് ടീമിൽ തുടരുമോയെന്ന കാര്യത്തിലും ആരാധകർ വ്യക്തത ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ മറുപടി നൽകിയിരുന്നു. ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആരെയാണ് സ്വന്തമാക്കുകയെന്ന കാര്യത്തിൽ തനിക്ക് യാതൊരു വ്യക്തതയും ഇല്ലെന്നാണ് മാർക്കസ് മെർഗുലാവോ പറഞ്ഞത്.

അതേസമയം ദിമിത്രിയോസിന്റെ കാര്യത്തിൽ മാർക്കസ് പ്രതീക്ഷ നൽകുന്ന മറുപടിയാണ് നൽകിയത്. ഈ സീസൺ അവസാനിച്ചതോടെ ദിമിത്രിയോസ് നിലവിൽ ഫ്രീ ഏജന്റായി മാറിയെന്നാണ് മാർക്കസ് പറയുന്നത്. എന്നാൽ താരത്തിന് കരാർ പുതുക്കാനുള്ള ഓഫർ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകിയിട്ടുണ്ടെന്നും ഇനി തീരുമാനം എടുക്കേണ്ടത് താരമാണെന്നുമാണ് മാർക്കസ് പറഞ്ഞത്.

ദിമിത്രിയോസിനു ബ്ലാസ്റ്റേഴ്‌സ് പുതിയ ഓഫർ നൽകിയിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ടു സീസണുകളിൽ മിന്നുന്ന പ്രകടനം നടത്തിയ തന്റെ പ്രതിഫലം വർധിപ്പിക്കണമെന്ന ആവശ്യമാണ് ഗ്രീക്ക് താരത്തിനുള്ളത്. ആ ആവശ്യം പരിഗണിച്ചു കൊണ്ടുള്ള ഓഫർ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.’

എന്തായാലും കേരളത്തിൽ നിന്നും മടങ്ങുമ്പോൾ ദിമിത്രിയോസ് തന്റെ രേഖകൾ ഒന്നും കൊണ്ടു പോയിട്ടില്ലെന്നാണ് സൂചനകൾ. രേഖകൾ മുഴുവൻ കൊണ്ടു പോയാലേ താരത്തിന് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വവുമായി താരം ഇനിയും ചർച്ചകൾ നടത്തുമെന്ന് തന്നെയാണ് കരുതേണ്ടത്.

Kerala Blasters Give Offer To Dimitrios