തുടർച്ചയായ ആറാം വിജയം, മലയാളി താരങ്ങളുടെ കരുത്തിൽ കുതിക്കുന്ന ഗോകുലം കേരള | Gokulam Kerala

പരിക്കിന്റെ തിരിച്ചടികൾ കാരണം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണപ്പോൾ മറുവശത്ത് കേരളത്തിലെ മറ്റൊരു പ്രധാന ക്ലബായ ഗോകുലം കേരള ഐ ലീഗിൽ മികച്ച പ്രകടനം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലം കേരള നേടിയ വിജയം അവർ തുടർച്ചയായി നേടുന്ന ആറാമത്തെയാണെന്നത് ടീമിന്റെ കുതിപ്പ് കാണിച്ചു തരുന്നു.

ഐ ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്‌സിനെതിരെയാണ് ഗോകുലം കേരള കഴിഞ്ഞ ദിവസം വിജയം സ്വന്തമാക്കിയത്. ആദ്യപകുതിയിൽ അലക്‌സ് സാഞ്ചസ്, അഭിജിത്ത് കെ എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയ ഗോകുലം കേരളക്കെതിരെ രണ്ടാം പകുതിയിൽ ഒരു ഗോൾ നേടി ചർച്ചിൽ തിരിച്ചു വരാൻ ശ്രമം നടത്തിയെങ്കിലും വിജയം ഗോകുലം തന്നെ സ്വന്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള നേടിയ വിജയത്തെ കൂടുതൽ മനോഹരമാക്കുന്നത് ഇന്ത്യൻ താരങ്ങളും മലയാളി താരങ്ങളും നിറഞ്ഞ ഒരു സ്‌ക്വാഡിനെയാണ് അവർ കളത്തിലിറക്കിയതെന്നതാണ്. ചർച്ചിലിനെതിരെ ആദ്യ ഇലവനിൽ ഗോകുലം കേരളക്കു വേണ്ടി ഇറങ്ങിയ ഒരേയൊരു വിദേശതാരം ടീമിന്റെ ടോപ് സ്കോററായ അലക്‌സ് സാഞ്ചസ് മാത്രമാണ്.

എഴുപതാം മിനുട്ടിനു ശേഷം ബാബോവിച്ച്, കൊമറോൺ എന്നീ വിദേശതാരങ്ങൾ ഇറങ്ങിയെങ്കിലും അതുവരെ ഇന്ത്യൻ താരങ്ങളെ വെച്ച് കളിച്ച ഗോകുലം പ്രശംസ അർഹിക്കുന്നു. അതിനു പുറമെ അബ്‌ദുൾ ഹക്കു, അഖിൽ പി, മുഹമ്മദ് സഹീഫ്, റിഷാദ്, ക്രിസ്റ്റി ഡേവിസ്, അഭിജിത്ത് കെ, സൗരവ്, നൗഫൽ പി, മഷൂർ ഷെരീഫ് എന്നിങ്ങനെ ഒൻപത് മലയാളി താരങ്ങൾ ഇന്നലെ ഗോകുലത്തിനായി കളത്തിലിറങ്ങി.

ഇതിനു മുൻപ് രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായിട്ടുള്ള ഗോകുലം കേരള അതിനെ ന്യായീകരിക്കുന്ന പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. ലീഗിൽ ഗോകുലത്തിനു മുന്നിലെത്താൻ കഴിയുന്ന ടീമുകൾ ഉണ്ടെങ്കിലും അവർക്ക് സ്വന്തം മൈതാനത്ത് അവർക്കെതിരെ മത്സരമുള്ളത് ടീമിന് പ്രതീക്ഷയാണ്. ഇനി ഒരേയൊരു എവേ മത്സരം മാത്രമാണ് ഗോകുലം കേരളക്ക് ബാക്കിയുള്ളതെന്നതും പ്രതീക്ഷ നൽകുന്നു.

Gokulam Kerala Won Sixth Match In A Row