ലയണൽ മെസിയും സംഘവും ഇന്ത്യയിലേക്കില്ല, സൗഹൃദമത്സരങ്ങൾ നടക്കുന്ന വേദികൾ ഏതൊക്കെയാണെന്ന് തീരുമാനമായി | Argentina

അർജന്റീന ദേശീയ ടീമിന്റെ അടുത്ത മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങളിൽ പ്രതിസന്ധികൾ നേരിട്ടത് നേരത്തെ വാർത്തയായിരുന്നു. ഐവറി കോസ്റ്റ്, നൈജീരിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ചൈനയിൽ വെച്ച് മത്സരങ്ങൾ രണ്ടും നടത്താമെന്നു തീരുമാനിക്കുകയും ചെയ്‌തു.

എന്നാൽ ഇന്റർ മിയാമിക്കൊപ്പം ചൈന ടൂറിനു പോയ ലയണൽ മെസി അവിടെ നടന്ന മത്സരത്തിന് ഇറങ്ങാതിരിക്കുകയും അതിനു ശേഷം ജപ്പാനിൽ നടന്ന മത്സരത്തിൽ കളിക്കുകയും ചെയ്‌തത്‌ വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് ചൈനയിൽ നടക്കാനിരുന്ന അർജന്റീനയുടെ രണ്ടു മത്സരങ്ങൾ കൂടി അവിടുത്തെ സംഘാടകർ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്‌തു.

ഇതേത്തുടർന്ന് വേദി മാറ്റാൻ നിർബന്ധിതരായ അർജന്റീന ടീം പുതിയ സ്ഥലം തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു മത്സരങ്ങളും അമേരിക്കയിൽ വെച്ച് നടത്താനാണ് തീരുമാനം. അമേരിക്കയിലെ ഫിലാഡൽഫിയയിലും ലോസ് ഏഞ്ചൽസിലുമാണ് മത്സരം നടക്കുക. വേദി മാറ്റിയതിന് പുറമെ ഐവറി കോസ്റ്റിനു പകരം അർജന്റീന എൽ സാൽവദോറിനെയാണ് നേരിടുന്നത്.

ചൈനയിൽ നിന്നും വേദി മാറ്റാൻ തീരുമാനിച്ച അർജന്റീന ഏഷ്യൻ രാജ്യങ്ങളെയാണ് പരിഗണിക്കുന്നതെന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ വേദിയാകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മാർച്ചിലെ ടൂർ അമേരിക്കയിൽ വെച്ചാണെന്ന് തീരുമാനിച്ചതോടെ അതിനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതായി.

കോപ്പ അമേരിക്ക ടൂർണമെന്റ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നത് എന്നതിനാൽ അർജന്റീനക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാനുള്ള അവസരമാണിത്. ഇത്തവണത്തെ ആഫ്രിക്കൻ കപ്പിന്റെ ഫൈനലിൽ എത്തിയ ടീമാണ് നൈജീരിയ. ചാമ്പ്യന്മാരായ ഐവറി കോസ്റ്റിനെതിരെ കളിക്കാനുള്ള അവസരം നഷ്‌ടമായത്‌ അർജന്റീനക്ക് കരുത്ത് പരീക്ഷിക്കാനുള്ള ഒരവസരം ഇല്ലാതാക്കി.

Argentina Friendly Matches Venue Decided