അവിശ്വനീയമായ തിരിച്ചുവരവിന്റെ മുഴുവൻ ക്രെഡിറ്റും താരങ്ങൾക്കാണ്, മതിമറക്കാൻ സമയമായിട്ടില്ലെന്ന് ഇവാനാശാൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കണ്ടത്. മത്സരം പതിനേഴു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്. നാല് ഗോളുകളിലെ മൂന്നെണ്ണവും എൺപതാം മിനുട്ടിനു ശേഷമാണ് പിറന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ആരാധകർ എന്താണോ ആഗ്രഹിച്ചത്, അതാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളിക്കളത്തിൽ നടപ്പിലാക്കിയത്. തുടർച്ചയായ മൂന്നു ഐഎസ്എൽ മത്സരങ്ങളിൽ തോൽവി വഴങ്ങി കിരീടപ്പോരാട്ടത്തിൽ നിന്നും പുറത്തു പോകുമെന്ന് പ്രതീക്ഷിച്ച ടീം ഇന്നലെ തളരാതെ പോരാടിയാണ് വിജയം നേടിയത്. മത്സരത്തിന് ശേഷം വിജയത്തിന്റെ ക്രെഡിറ്റ് തന്റെ താരങ്ങൾക്കാണ് ഇവാൻ നൽകിയത്.

“ഇന്നത്തെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും താരങ്ങൾക്കാണ്. അവർ മികച്ച സ്വഭാവം കാണിക്കുകയും വിജയിക്കാൻ വേണ്ടി അവസാനം വരെ പോരാടുകയും ചെയ്‌തു. എന്റെ കളിക്കാരെയും ആരാധകരെയും ആലോചിക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

അതേസമയം മതിമറക്കാനുള്ള സമയമായിട്ടില്ലെന്നും ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് നിലവിൽ എവിടെയും എത്തിയിട്ടില്ലെന്നും ശ്രദ്ധിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറു മത്സരങ്ങളെന്ന ആറു ചുവടുകൾ പ്രധാനമാണെന്നും എളിമയോടെ തുടർന്ന് ഓരോന്നോരോന്നായി എടുത്തു വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ ഗോളുകളും നേടിയത്. ഡൈസുകെ സകായി ഫ്രീകിക്കിലൂടെ ഗോൾവേട്ടക്ക് തുടക്കമിട്ടപ്പോൾ ദിമിത്രിയോസ് രണ്ടു ഗോളുകൾ നേടി. അവസാനത്തെ ഗോൾ പുതിയതായി ടീമിലെത്തിയ വിദേശതാരമായ ഫെഡോർ സെർണിച്ച് കൂടി സ്വന്തമാക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷത്തിന്റെ പരകോടിയിലാണ്.

Kerala Blasters Players Deserve Full Credits Says Ivan