ഇഞ്ചുറി ടൈമിൽ ലയണൽ മെസിയുടെ കിടിലൻ ഗോൾ, ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയുടെ മൈതാനത്ത് പരാജയമൊഴിവാക്കി ഇന്റർ മിയാമി | Lionel Messi

അമേരിക്കൻ ലീഗിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ നടന്ന മത്സരത്തിൽ അവസാന മിനുറ്റിൽ ലയണൽ മെസി നേടിയ ഗോളിൽ സമനില നേടിയെടുത്ത് ഇന്റർ മിയാമി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ലയണൽ മെസിയും ജോർഡി ആൽബയും ചേർന്നുള്ള നീക്കത്തിൽ പിറന്ന ഗോളിലൂടെ ഇന്റർ മിയാമി എതിരാളികളുടെ മൈതാനത്ത് പരാജയം ഒഴിവാക്കിയത്.

പ്രീ സീസൺ മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ഇന്റർ മിയാമിക്കെതിരെ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി തന്നെയാണ് ആധിപത്യം പുലർത്തിയത്. പതിമൂന്നാം മിനുട്ടിൽ അവർക്ക് ലഭിച്ച പെനാൽറ്റി നഷ്‌ടമായത്‌ ടീമിന് തിരിച്ചടിയായി. മുൻ ബാഴ്‌സലോണ താരം റിക്വി പുയ്‌ജ് എടുത്ത പെനാൽറ്റി ഇന്റർ മിയാമി ഗോൾകീപ്പർ കലണ്ടർ രക്ഷപ്പെടുത്തുകയായിരുന്നു.

വമ്പൻ ആക്രമണം അഴിച്ചുവിട്ട ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയെ തടഞ്ഞിട്ടത് ഇന്റർ മിയാമി ഗോൾകീപ്പറുടെ മിന്നുന്ന പ്രകടനമാണ്. മത്സരത്തിൽ മൊത്തം എട്ടു സേവുകളാണ് താരം നടത്തിയത്. എന്നാൽ എഴുപത്തിയഞ്ചാം മിനുട്ടിൽ ആ പ്രതിരോധം പൊട്ടിപ്പോയി. ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയുടെ സെർബിയൻ സ്‌ട്രൈക്കർ ദേജാൻ ജോവലിച്ച് ടീമിനെ മുന്നിലെത്തിച്ചു.

ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി മുന്നിലെത്തിയതോടെ ഇന്റർ മിയാമി ആക്രമണങ്ങൾ ശക്തമാക്കി. ഇഞ്ചുറി ടൈമിലാണ് ലയണൽ മെസിയും ആൽബയും തമ്മിലുള്ള അപാരമായ കണക്ഷൻ വ്യക്തമാക്കുന്ന ഗോൾ പിറന്നത്. മെസിയും ആൽബയും പന്ത് കൈമാറി വന്ന് ഒടുവിൽ ആൽബയുടെ ക്രോസിൽ ഒരു സ്ലൈഡിങ് ഫിനിഷിംഗിലൂടെയാണ് മെസി ടീമിന്റെ സമനിൽ ഗോൾ നേടിയത്.

സമനില നേടിയതോടെ ലീഗിൽ ഇന്റർ മിയാമി നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. എന്നാൽ രണ്ടു മത്സരം കളിച്ച ഒരേയൊരു ടീം ഇന്റർ മിയാമിയാണ് എന്നതിനാൽ പോയിന്റ് ടേബിളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. എന്തായാലും രണ്ടു മത്സരങ്ങളിൽ രണ്ടു ഗോളുകളിൽ പങ്കാളിയാകാൻ ലയണൽ മെസിക്ക് കഴിഞ്ഞു. താരങ്ങൾ തമ്മിൽ കൂടുതൽ ഒത്തിണക്കം കാണിച്ചാൽ ഇന്റർ മിയാമിക്ക് മുന്നേറാൻ കഴിയും.

Lionel Messi Injury Time Goal Against LA Galaxy