ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും, ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ എഫ്‌സി ഗോവക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളിന് പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരുന്നു. ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കൂടുതൽ കരുത്തോടെ കിരീടത്തിനായി പൊരുതാൻ പ്രേരിപ്പിക്കുന്ന വിജയമാണ് ഇന്നലെ നേടിയത്.

ഗോവക്കെതിരായ മത്സരത്തിലെ വിജയത്തിൽ മതിമറക്കേണ്ടെന്നും ഓരോ ചുവടും ശ്രദ്ധയോടെ വെക്കണമെന്നും ഇവാനാശാൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നലത്തെ വിജയത്തോടെ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ടീമുമായി ബ്ലാസ്റ്റേഴ്‌സിനുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറഞ്ഞിട്ടുണ്ട്. പതിനാറു മത്സരങ്ങൾ കളിച്ച ഒഡിഷക്ക് മുപ്പത്തിരണ്ടും അത്രയും മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന് ഇരുപത്തിയൊൻപതും പോയിന്റാണുള്ളത്.

പതിനഞ്ചു മത്സരങ്ങൾ വീതം കളിച്ച് മുപ്പത്തിയൊന്ന്, മുപ്പത്, ഇരുപത്തിയെട്ട് എന്നിങ്ങനെയുള്ള പോയിന്റുമായി നിൽക്കുന്ന മുംബൈ സിറ്റി, മോഹൻ ബഗാൻ, എഫ്‌സി ഗോവ എന്നീ ടീമുകളാണ് ഒഡിഷക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയാകുന്നത്. എന്നാൽ ഇവരെയെല്ലാം മറികടക്കാനുള്ള അവസരമുണ്ടെന്നതിനു പുറമെ വളരെ ബുദ്ധിമുട്ടേറിയ എതിരാളികൾ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളിൽ കുറവാണ്.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനിയുള്ള രണ്ടോ മൂന്നോ പോരാട്ടങ്ങളാണ് ഏറ്റവും കടുപ്പമാവുക. അതിലൊന്ന് മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്താണെന്നത് പ്രതീക്ഷ നൽകുന്നു. അതിനു പുറമെ ജംഷഡ്‌പൂർ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കെതിരെയുള്ള എവേ മത്സരങ്ങളും ടീമിന് വെല്ലുവിളിയാണ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവർക്കെതിരെയുള്ള എവേ മത്സരങ്ങളും ഈസ്റ്റ് ബംഗാളിനെതിരെയുള്ള ഹോം മത്സരവും ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയില്ല.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങേണ്ടത്. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയായി നിൽക്കുന്ന ടീമുകൾക്കെല്ലാം വമ്പൻ ടീമുകളുമായി ഒന്നിൽ കൂടുതൽ മത്സരങ്ങളുണ്ട്. അതിൽ ആരു പോയിന്റ് ഡ്രോപ്പ് ചെയ്‌താലും അത് കൊമ്പന്മാർക്ക് മുന്നേറാൻ അവസരം നൽകുമെന്നതിൽ സംശയമില്ല.

ഇനിയുള്ള ഓരോ ചുവടും ബ്ലാസ്റ്റേഴ്‌സിന് പ്രധാനമാണ്. ഒരു സമനില പോലും ബാക്കിയുള്ള ആറു മത്സരങ്ങളിൽ വഴങ്ങാൻ കഴിയില്ല. എന്നാൽ തങ്ങൾക്ക് പൊരുതാനും വിജയം നേടാനുമുള്ള കരുത്ത് നഷ്‌ടമായിട്ടില്ലെന്ന് ഇന്നലത്തെ മത്സരത്തിൽ ടീം തെളിയിച്ചു. അതിന്റെ ആത്മവിശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് ചിറകടിച്ച് പറന്നുയരുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala Blasters Can Win The ISL Shield