പതിനാറുകാരന്റെ അവിശ്വസനീയമായ ഗോളിൽ വിജയം, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ബാഴ്‌സലോണ | Lamine Yamal

കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്നത് പുതിയ താരങ്ങളെ വാങ്ങുന്നതിനു ബാഴ്‌സലോണ ടീമിന് വെല്ലുവിളി സൃഷ്‌ടിക്കുന്ന സമയമാണിപ്പോൾ. സ്‌ക്വാഡ് ഡെപ്ത്ത് ഇല്ലാത്തതിനാൽ തന്നെ പലപ്പോഴും അക്കാദമി താരങ്ങളെ ടീമിലുൾപ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തിലൂടെയാണ് ടീം കടന്നു പോകുന്നത്. അങ്ങിനെ ടീമിലേക്ക് കടന്നു വന്ന താരങ്ങളിലൊരാളാണ് ലാമിൻ യമാൽ.

പതിനഞ്ചാം വയസിൽ തന്നെ ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമിലേക്ക് കടന്നു വന്ന യാമിൻ യമാൽ ഗംഭീര പ്രകടനമാണ് ക്ലബിനായി നടത്തുന്നത്. കഴിഞ്ഞ ദിവസം മയോർക്കക്കെതിരെ ബാഴ്‌സലോണയെ വിജയത്തിലേക്ക് നയിച്ച മനോഹരമായ ഗോൾ നേടിയ താരം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി തനിക്ക് മാറാൻ കഴിയുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

ആദ്യപകുതിയിൽ ഗുൻഡോഗൻ പെനാൽറ്റി നഷ്‌ടപ്പെടുത്തിയ മത്സരത്തിൽ ബാഴ്‌സലോണ സമനിലയിലേക്ക് പോകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ എഴുപത്തിമൂന്നാം മിനുട്ടിൽ തന്റെ പ്രതിഭ തെളിയിച്ച ഗോൾ യമാൽ നേടി. ലെവൻഡോസ്‌കി നൽകിയ പന്തുമായി ബോക്‌സിന്റെ എഡിജിലേക്ക് മുന്നേറിയ താരം ഒരു ഡിഫെൻഡറെ വെട്ടിച്ച് അത് പോസ്റ്റിന്റെ മൂലയിലേക്ക് തൊടുത്തു വിട്ട് വിജയഗോൾ സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഈ സീസണിൽ ക്ലബിനായി പതിമൂന്നു ഗോളുകളിൽ പങ്കാളിയായി. പതിനാറു വയസ് മാത്രമുള്ള ഒരു കളിക്കാരനാണ് ഇത്രയും മികച്ച പ്രകടനം നടത്തുന്നത്. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ ലോകോത്തര താരമായി തനിക്ക് മാറാൻ കഴിയുമെന്ന് തന്റെ പ്രകടനത്തിലൂടെ യമാൽ തെളിയിക്കുന്നു.

മത്സരത്തിലെ വിജയത്തോടെ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി കുറച്ച് ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. എന്നാൽ റയൽ മാഡ്രിഡ് ബാഴ്‍സയേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത്. അതിനു പുറമെ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ജിറോണയും ഒരു മത്സരം കുറവ് കളിച്ചതിനാൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്താനുള്ള സാധ്യതയുണ്ട്.

Lamine Yamal Goal Against Mallorca