എഫ്‌സി ഗോവയുടെ മിന്നും താരത്തെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ചർച്ചകൾ ആരംഭിച്ചു | Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ സീസണും നിരാശപ്പെടുത്തുന്ന രീതിയിലാണ് കടന്നു പോകുന്നത്. സീസണിന്റെ ആദ്യപകുതി മികച്ച പ്രകടനം നടത്തിയ ടീം പരിക്കിന്റെ തിരിച്ചടികൾ ഒന്നൊന്നായി വന്നതു കാരണം രണ്ടാം പകുതിയിൽ മോശം ഫോമിലേക്ക് വീണു. ഈ സീസണിൽ ടീം ഏതെങ്കിലും കിരീടം സ്വന്തമാക്കണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കേണ്ടി വരുമെന്നുറപ്പാണ്.

ഈ സീസണിലെ തിരിച്ചടികൾ മറക്കാൻ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ തുടങ്ങിയെന്നു വേണം കരുതാൻ. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബുകളിൽ ഒന്നായ എഫ്‌സി ഗോവയുടെ മിന്നും താരമായ നോവ സദൂയിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്.

രണ്ടു വർഷമായി എഫ്‌സി ഗോവക്കൊപ്പമുള്ള മൊറോക്കൻ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. ഫ്രീ ഏജന്റായി മാറുന്ന സദൂയി ഗോവ വിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നത്. മികച്ചൊരു നീക്കമാണ് ക്ലബ് നടത്തുന്നത്.

കഴിഞ്ഞ സീസണിന് മുന്നോടിയായി എഫ്‌സി ഗോവയിലെത്തിയ സദൂയി ഗംഭീരപ്രകടനമാണ് നടത്തിയത്. ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളും താരം കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി സ്വന്തമാക്കി. ഈ സീസണിൽ ആ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിലും അഞ്ചു ഗോളുകൾ ലീഗിൽ ഇതുവരെ നേടിയ താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌.

മുപ്പതുകാരനായ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ നേട്ടം തന്നെയാണ്. മുന്നേറ്റനിരയിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുന്ന താരം ഗോളടിക്കാനും അതിനു അവസരമൊരുക്കാനും മിടുക്കനാണ്. അതേസമയം നോവ സദൂയി ടീമിലെത്തുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിൽ നിലവിലുള്ള താരങ്ങളിൽ ആരാണ് പുറത്തു പോവുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Kerala Blasters In Talks To Sign Noah Sadaoui