ജംഷഡ്‌പൂർ-മുംബൈ മത്സരത്തിൽ വമ്പൻ വിവാദം, ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്ത | Jamshedpur FC

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ കിരീടമോഹങ്ങൾക്ക് കടിഞ്ഞാണിട്ട് ജംഷഡ്‌പൂർ എഫ്‌സി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സമനില നേടിയെങ്കിലും മത്സരത്തിൽ വിവാദം പുകയുന്നു. അനുവദിച്ചതിനേക്കാൾ കൂടുതൽ വിദേശതാരങ്ങളെ ജംഷഡ്‌പൂർ എഫ്‌സി കളിക്കളത്തിലിറക്കിയെന്നു കാണിച്ച് മുംബൈ സിറ്റി മത്സരവുമായി ബന്ധപ്പെട്ടു പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മലയാളി താരം മുഹമ്മദ് ഉവൈസിന്റെ അസിസ്റ്റിൽ ഹാവിയർ സിവേറിയോ ജംഷഡ്‌പൂരിനെ രണ്ടാം പകുതിയിൽ മുന്നിലെത്തിച്ചെങ്കിലും എഴുപത്തിനാലാം മിനുട്ടിൽ ലാലിയാൻസുവാല ചാങ്‌തേയിലൂടെ മുംബൈ സിറ്റി സമനില നേടി. എൺപത്തിരണ്ടാം മിനുട്ടിൽ ജംഷഡ്‌പൂർ സ്‌ട്രൈക്കർ ചിമക്ക് ചുവപ്പുകാർഡ് കിട്ടിയതിനു പിന്നാലെയാണ് വിവാദസംഭവം ഉണ്ടാവുന്നത്.

ഐഎസ്എൽ മത്സരങ്ങൾ നടക്കുമ്പോൾ കളിക്കളത്തിൽ ഏഴു ഇന്ത്യൻ താരങ്ങൾ വേണമെന്ന് നിർബന്ധമുണ്ട്. ഇന്ത്യൻ താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തു പോയാൽ മാത്രമേ ഇതിൽ മാറ്റമുണ്ടാവുകയുള്ളൂ. എന്നാൽ ഇന്നലെ വിദേശതാരമായ ചിമ റെഡ് കാർഡ് നേടി പുറത്തു പോയതിന് ശേഷം ജംഷഡ്‌പൂർ പരിശീലകൻ മാറ്റങ്ങൾ വരുത്തിയപ്പോൾ ഏഴ് ഇന്ത്യൻ താരങ്ങൾ കളിക്കളത്തിൽ ഉണ്ടായിരുന്നില്ല.

ചിമ റെഡ് കാർഡ് നേടി പുറത്തു പോയപ്പോൾ ഇന്ത്യൻ താരമായ ഇമ്രാൻ ഖാനെ പിൻവലിച്ച പരിശീലകൻ സെർബിയൻ താരമായ സ്റ്റീവനോവിച്ചിനെ കളത്തിലിറക്കി. ഇതോടെ ടീമിലെ ഇന്ത്യൻ താരങ്ങൾ ആറായി ചുരുങ്ങുകയും വിദേശതാരങ്ങൾ വീണ്ടും നാലായി മാറുകയും ചെയ്‌തു. സംഭവത്തിൽ മുംബൈ സിറ്റിയെ വിജയികളായി പ്രഖ്യാപിക്കാനാണ് സാധ്യത.

എന്തായാലും മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ള വകയുണ്ട്. ജംഷഡ്‌പൂരും ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടക്കുന്ന അടുത്ത മത്സരത്തിൽ രണ്ട് ജംഷഡ്‌പൂർ താരങ്ങൾ ഉണ്ടാകില്ല. ചുവപ്പുകാർഡ് കിട്ടിയ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ചിമക്ക് പുറമെ നാലാം മഞ്ഞക്കാർഡ് നേടിയ പ്രോവാട്ട് ലക്രയാണ് അടുത്ത മത്സരത്തിൽ പുറത്തിരിക്കുക.

Two Jamshedpur FC Players To Miss Kerala Blasters Match