പരഡെസിന്റെ അവിശ്വസനീയ അസിസ്റ്റിൽ ഡിബാലയുടെ ഗോൾ, അർജന്റീന താരങ്ങളുടെ കരുത്തിൽ റോമ കുതിക്കുന്നു | Paulo Dybala

മൗറീന്യോയുടെ പകരക്കാരനായി ഡി റോസി റോമയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ടീം വലിയ കുതിപ്പിലാണ്. അദ്ദേഹം പരിശീലകനായതിനു ശേഷം പതിനൊന്നു മത്സരങ്ങളിൽ റോമ ഇറങ്ങിയപ്പോൾ അതിൽ തോൽവി വഴങ്ങിയത് ഒരെണ്ണത്തിൽ മാത്രമാണ്. അതും സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനെതിരെയായിരുന്നു.

അതിനു പുറമെ കളിച്ച പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും റോമ വിജയം നേടി. റോമയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുന്നത് ടീമിലെ അർജന്റീന താരങ്ങളാണെന്നതിൽ സംശയമില്ല. ഖത്തർ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം ചൂടിയ മധ്യനിര താരം ലിയാൻഡ്രോ പരഡെസും മുന്നേറ്റനിര താരം പൗലോ ഡിബാലയുമാണ് ടീമിലെ പ്രധാന താരങ്ങൾ.

ഇന്നലെ യൂറോപ്പ ലീഗിൽ പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റനെതിരെ റോമ സ്വന്തം മൈതാനത്ത് നേടിയത് എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ്. പൗളോ ഡിബാല തുടക്കമിട്ട ഗോൾവേട്ടയിൽ റൊമേലു ലുക്കാക്കു, ജിയാൻലൂക്ക മാൻസിനി, ബ്രയാൻ ക്രിസ്റ്റന്റെ എന്നിവരാണ് ഗോളുകൾ നേടിയത്. സ്റ്റീഫൻ എൽ ഷരാവേ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

മത്സരത്തിൽ അർജന്റീന താരങ്ങൾ ചേർന്ന് നേടിയ ആദ്യത്തെ ഗോൾ മനോഹരമായിരുന്നു. പിൻനിരയിൽ നിന്നും പരഡെസ് നൽകിയ മനോഹരമായ പാസ് പിടിച്ചെടുക്കുമ്പോൾ ഡിബാലക്ക് മുന്നിൽ ഗോൾകീപ്പർ മാത്രമാണ് ഉണ്ടായിരുന്നത്. ഗോൾകീപ്പറെയും വെട്ടിച്ച താരം വലകുലുക്കി. ബ്രൈറ്റൻ പ്രതിരോധത്തെ മുഴുവൻ നോക്കുകുത്തിയാക്കി നൽകിയ ആ പാസ് തന്നെയാണ് പ്രശംസ അർഹിക്കുന്നത്.

ഇന്നലെയും ഗോൾ നേടിയതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ അഞ്ചു ഗോളും ഒരു അസിസ്റ്റും നേടി മിന്നുന്ന ഫോമിലാണ് ഡിബാല. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ പരഡസും ടീമിനായി മിന്നുന്ന പ്രകടനം നടത്തുന്നു. ഈ ഫോം നിലനിർത്താൻ കഴിഞ്ഞാൽ യൂറോപ്പ ലീഗ് കിരീടം റോമ സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

Paulo Dybala Goal Against Brighton