സുവർണാവസരം തുലച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ നിന്നും അൽ നസ്ർ പുറത്ത് | Cristiano Ronaldo

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അർജന്റീന ഇതിഹാസം ഹെർനൻ ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ഐനിനോട് തോറ്റു പുറത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ. ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയ അൽ ഐനിനെതിരെ കഴിഞ്ഞ മത്സരത്തിൽ അൽ നസ്ർ മൂന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയിരുന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ നസ്ർ തോൽവി വഴങ്ങുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് സമ്മിശ്രമായ വികാരങ്ങൾ നൽകിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തിൽ റൊണാൾഡോ നഷ്‌ടപെടുത്തിയ ഒരവസരം ഒരു ഫുട്ബോൾ ആരാധകനും വിശ്വസിക്കാൻ കഴിയില്ല. പോസ്റ്റിന്റെ മൂന്നടി അകലെ നിന്നും ഗോൾകീപ്പറുടെ കയ്യിൽ നിന്നും വഴുതിപ്പോയ പന്ത് റൊണാൾഡോ പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.

റൊണാൾഡോയെപ്പോലൊരു താരം ഒരിക്കലും വരുത്താൻ സാധ്യതയില്ലാത്ത പിഴവായിരുന്നു അത്. അതിനു ശേഷം എക്‌സ്ട്രാ ടൈമിൽ ടീമിനെ മുന്നിലെത്തിച്ച ഗോൾ പെനാൽറ്റിയിലൂടെ നേടുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 118ആം മിനുട്ടിൽ പിറന്ന ആ ഗോൾ ഇല്ലായിരുന്നെങ്കിൽ മത്സരം അൽ നസ്ർ ഷൂട്ടൗട്ടിനു മുൻപ് തന്നെ തോൽക്കുമായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ നസ്ർ താരങ്ങൾ നിരാശപ്പെടുത്തി. നാല് താരങ്ങൾ അൽ നസ്‌റിനായി പെനാൽറ്റി കിക്ക് എടുത്തെങ്കിലും അതിൽ റൊണാൾഡോ മാത്രമാണ് ലക്‌ഷ്യം കണ്ടത്. ബാക്കി മൂന്നു പേരും പെനാൽറ്റി പാഴാക്കിയത് അൽ ഐനിനു കാര്യങ്ങൾ എളുപ്പമാക്കി. അൽ നാസറിനെ പുറത്താക്കി അവർ ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

ചാമ്പ്യൻസ് ലീഗിൽ നിന്നും അൽ നസ്ർ നേരത്തെ പുറത്തായത് റൊണാൾഡോക്ക് നിരാശ തന്നെയാണ്. ഈ സീസണിൽ നേടാൻ കഴിയുന്ന ഒരു വമ്പൻ കിരീടത്തിനുള്ള വഴികൾ ഇതോടെ അടഞ്ഞു. സൗദി പ്രൊ ലീഗിൽ അൽ നസ്റിന് കിരീടപ്രതീക്ഷയില്ല. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനെ മറികടന്ന് കിരീടം നേടണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.

Cristiano Ronaldo Miss Against Al Ain