ലയണൽ മെസി വീണ്ടും റയൽ അടക്കമുള്ള യൂറോപ്യൻ ക്ലബുകൾക്കെതിരെ കളിക്കാൻ സാധ്യത, നിർണായക വിവരം പുറത്തു വിട്ട് മെക്‌സിക്കൻ ജേർണലിസ്റ്റ് | Inter Miami

റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഏറ്റവും ഭയപ്പെട്ടിരുന്ന താരമായിരിക്കും ലയണൽ മെസിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അർജന്റീന താരത്തിന്റെ പ്രതിഭയെ തളക്കാൻ കഴിയാതെ നിരന്തരം മുട്ടു മടക്കേണ്ടി വന്നിരുന്നു റയൽ മാഡ്രിഡിന്. ലയണൽ മെസി തന്റെ കരിയറിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമുകളിലൊന്നാണ് റയൽ മാഡ്രിഡ് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം.

നിലവിൽ യൂറോപ്പ് വിട്ട ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് കളിക്കുന്നതെങ്കിലും റയൽ മാഡ്രിഡ് അടക്കമുള്ള യൂറോപ്യൻ ടീമുകൾക്കെതിരെ താരം ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുപാട് മാറ്റങ്ങളുമായി 2025ൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ ലയണൽ മെസിയുടെ ഇന്റർ മിയാമിയും കളിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അതിനു വഴിയൊരുക്കുന്നത്.

മെക്സിക്കൻ ജേർണലിസ്റ്റായ ഡേവിഡ് മെഡ്രാനോ വെളിപ്പെടുത്തുന്നത് പ്രകാരം 2025ലെ ക്ലബ് ലോകകപ്പിന്റെ സംഘാടകർ ടൂർണമെന്റിൽ അമേരിക്കൻ ലീഗിൽ നിന്നുമുള്ള ടീമിനായി ഒരു സ്ഥാനം ഒഴിവാക്കി വെച്ചിട്ടുണ്ട്. ഈ ടീമിനെ തിരഞ്ഞെടുക്കാൻ പ്രത്യേക നിയമമൊന്നും ഇല്ല. സംഘാടകർക്ക് താൽപര്യമുള്ള ഏതു ക്ലബിനെയും അവർക്ക് ടൂർണമെന്റിന് ക്ഷണിക്കാൻ കഴിയും.

ഇതാണ് ഇന്റർ മിയാമി ടൂർണമെന്റിൽ കളിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്. ലയണൽ മെസിയുടെ സാന്നിധ്യമുണ്ടെങ്കിൽ അതുവഴി വരുമാനമുണ്ടാക്കാൻ കഴിയും. മറ്റേതൊരു ടീം വരുന്നതിനേക്കാൾ വലിയ സാമ്പത്തിക നേട്ടമാണ് ലയണൽ മെസിയുടെ ടീം കളിച്ചാലുണ്ടാവുക. അതുകൊണ്ടു തന്നെ അവർ ഇന്റർ മിയാമിയെ തന്നെയാകും കൂടുതൽ പരിഗണിക്കുക.

ക്ലബ് ലോകകപ്പിൽ ഇന്റർ മിയാമി പങ്കെടുക്കുകയാണെങ്കിൽ യൂറോപ്പിലെ പല വമ്പൻ ടീമുകൾക്കുമെതിരെ വീണ്ടും കളിക്കാനുള്ള അവസരം മെസിക്കുണ്ടാകും. എന്നാൽ കിരീടം നേടാമെന്ന പ്രതീക്ഷ അവർക്കുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. കാരണം മെസിയടക്കം ചില വമ്പൻ താരങ്ങൾ ഉണ്ടെങ്കിലും യൂറോപ്യൻ ക്ലബുകളോളം കരുത്തുറ്റതല്ല ഇന്റർ മിയാമി ടീം.

Inter Miami Might Play In Club World Cup 2025