തുടർച്ചയായ മൂന്നു സീസണിൽ പ്ലേ ഓഫ് യോഗ്യത, ഇനിയീ ടീമിനും ആരാധകർക്കും വേണ്ടതൊരു കിരീടമാണ് | Kerala Blasters

ഒരു മികച്ച തന്ത്രജ്ഞൻ എന്ന നിലയിൽ ഇവാൻ വുകോമനോവിച്ചിനെ പരിഗണിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹം പരിശീലകനായി എത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായ മാറ്റങ്ങൾ മികച്ചതാണ്. വമ്പൻ തുക മുടക്കി ടീമിനെ കെട്ടിപ്പടുക്കാൻ താൽപര്യമില്ലാത്ത ഒരു നേതൃത്വത്തിന് കീഴിലാണെങ്കിലും കഴിഞ്ഞ മൂന്നു സീസണുകളിൽ സ്ഥിരതയാർന്ന നേട്ടങ്ങൾ അദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയെടുത്തു.

ഐഎസ്എൽ പോലെ ഏതു ടീമിനും ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന സാഹചര്യമുള്ള ഒരു ലീഗിൽ മികച്ച പ്രകടനം നടത്താനും കിരീടങ്ങൾ നേടാനും വളരെ കരുത്തുറ്റ ഒരു സ്‌ക്വാഡ് ആവശ്യമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം അതിനെ വളരെ ഗൗരവമായി കാണുന്നില്ല. ആ സാഹചര്യത്തിലാണ് തനിക്ക് ലഭിച്ച വിഭവങ്ങൾ വെച്ച് അദ്ദേഹം ടീമിനെ സ്ഥിരതയോടെ കളിപ്പിക്കുന്നത്.

ഈ സീസണിലും പ്ലേ ഓഫിൽ എത്തിയതോടെ തുടർച്ചയായ മൂന്നാമത്തെ തവണയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ കളിക്കുന്നത്. ഒരേ പരിശീലകന് കീഴിൽ മറ്റൊരു ഐഎസ്എൽ ക്ലബും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം അതിൽ മാത്രം ഒതുങ്ങേണ്ടതല്ല. തുടർച്ചയായ നിരാശകൾക്ക് ശേഷം ഒരു കിരീടം തന്നെയാണ് ടീം ആഗ്രഹിക്കുന്നത്.

ഒരുപാട് തിരിച്ചടികൾ സീസണിന്റെ പല ഘട്ടത്തിൽ നേരിട്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ പകുതിയെത്തിയപ്പോൾ ഉണ്ടായ ആത്മവിശ്വാസത്തെ അത് ഇല്ലാതാക്കിയിട്ടുമുണ്ട്. എന്നാൽ പ്ലേ ഓഫ് ആയപ്പോഴേക്കും ടീമിലെ ചില താരങ്ങളെല്ലാം തിരിച്ചു വന്നിട്ടുണ്ട് എന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരിയ പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്.

ആരാധകരുടെ പ്രതീക്ഷ കാക്കാൻ ഇനി വിചാരിക്കേണ്ടത് ഇവാനാശാൻ തന്നെയാണ്. ആദ്യത്തെ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിച്ചത് പോലെയൊരു മാജിക്ക് കാണിക്കാൻ അദ്ദേഹത്തിന് കഴിയും. കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്നും പുറത്തു പോയത് തോൽവി വഴങ്ങിയല്ല. അതുകൊണ്ടു തന്നെ ഇവാനാശാനിൽ വിശ്വാസമർപ്പിച്ച് ആരാധകർ കാത്തിരിക്കുകയാണ്.

Kerala Blasters Fans Hope To Win ISL Title