കൊട്ടിഘോഷിച്ച് സ്വന്തമാക്കിയ താരങ്ങളെ ഒഴിവാക്കുന്നു, ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ട്രാൻസ്‌ഫറുകളോ | Kerala Blastrers

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയ ഒരു സീസൺ കൂടി പൂർത്തിയാക്കി. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം മോശം ഫോമിലേക്ക് വീണതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്. സീസൺ പൂർത്തിയായതോടെ മൂന്നു സീസണുകളിൽ പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയും ചെയ്‌തു.

ഇവാൻ വുകോമനോവിച്ച് പോയതോടെ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുമെന്ന കാര്യത്തിൽ സംശയമില്ല. ക്ലബിലെ നിരവധി താരങ്ങൾ മറ്റു ക്ലബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴേ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന അഭ്യൂഹങ്ങൾ പ്രകാരം ഈ സീസണിന്റെ തുടക്കത്തിൽ വലിയ പ്രതീക്ഷയോടെ എത്തിച്ച പ്രീതം കോട്ടാലും പ്രബീർ ദാസും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.

സഹൽ അബ്‌ദുൾ സമദിന്റെ നൽകിയാണ് മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മികച്ച താരമാണെങ്കിലും ബ്ലാസ്റ്റേഴ്‌സിൽ തന്റെ മികവ് തെളിയിക്കാൻ പ്രീതത്തിനു കഴിഞ്ഞില്ല. സെന്റർ ബാക്കായും റൈറ്റ്ബാക്കായും കളിച്ച താരത്തിന് തന്റെ പരിചയസമ്പത്തും നേതൃഗുണവും ടീമിനെ സഹായിക്കാൻ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനേക്കാൾ നിരാശപ്പെടുത്തിയത് പ്രബീർ ദാസാണ്. ആകെ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയത്. അതിനു ശേഷം സന്ദീപ് സിങ് ടീമിന്റെ പ്രധാന റൈറ്റ് ബാക്കായി മാറി. സന്ദീപ് സിങ് ലെഫ്റ്റ് ബാക്കായി കളിച്ച അവസാനത്തെ പ്ലേ ഓഫ് മത്സരത്തിൽ പോലും പ്രബീർ ദാസിനെ ഇറക്കാതെ ഹോർമിപാമിനെ കളിപ്പിക്കുകയാണ് ഇവാൻ ചെയ്‌തത്‌.

ഈ രണ്ടു താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അടുത്ത സീസണിൽ ഇവരെ രണ്ടു പേരെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്ലബുമായി കരാറുള്ള ഈ രണ്ടു താരങ്ങളെയും വിൽപ്പന നടത്തി ആ തുക ഉപയോഗിച്ച് മറ്റു താരങ്ങളെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. പുതിയതായി എത്തുന്ന പരിശീലകനാകും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക.

Kerala Blasters Want To Sell Pritam Kotal And Prabir Das