ബാക്കിയുള്ളത് രണ്ടു മത്സരങ്ങൾ മാത്രം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനമുയർത്തുമോ ദിമിത്രിയോസ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി മുംബൈ സിറ്റിയും ഗോവയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരവും ഫൈനലും മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ഒഡിഷ എഫ്‌സിയെ അവസാന മിനുട്ടിൽ ഗോളിൽ കീഴടക്കി ഫൈനലിൽ എത്തിയ മോഹൻ ബഗാൻ എതിരാളിയെ കാത്തിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് പരിസമാപ്‌തിയിലേക്ക് അടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിലാണ്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിൽ ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കുമോ എന്നത് അവർ ഉറ്റു നോക്കുന്നു. ബ്ലാസ്റ്റേഴ്‌സ് പുറത്തായെങ്കിലും ഇക്കാര്യത്തിൽ അവർക്ക് വലിയ പ്രതീക്ഷയുണ്ട്.

നിലവിൽ പതിമൂന്നു ഗോളുകളായാണ് ദിമിത്രിയോസ് നേടിയിട്ടുള്ളത്. ,മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ഒഡിഷ എഫ്‌സിയുടെ താരമായ റോയ് കൃഷ്‌ണക്കും അതേ ഗോളും അസിസ്റ്റുമാണെങ്കിലും ദിമിത്രിയോസ് കുറവ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. റോയ് കൃഷ്‌ണ ഇരുപത്തിയഞ്ചു മത്സരങ്ങൾ കളിച്ചപ്പോൾ ദിമിത്രിയോസ് പതിനേഴു മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഒഡിഷ പുറത്തായതോടെ ടോപ് സ്‌കോറർ നേട്ടത്തിൽ ദിമിത്രിയോസിനു വെല്ലുവിളി ഉയർത്തുന്നത് രണ്ടു താരങ്ങളാണ്. എഫ്‌സി ഗോവയുടെ നോവ സദൂയിയും മോഹൻ ബഗാന്റെ ജേസൺ കുമ്മിൻസും. പതിനൊന്നു വീതം ഗോളുകളാണ് രണ്ടു താരങ്ങളും നേടിയത്. കുമ്മിൻസിന് ഇനി ഫൈനൽ മാത്രമാണ് ബാക്കിയുള്ളതെങ്കിൽ ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ സദൂയിക്ക് രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്.

ഈ താരങ്ങൾക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇത്തവണ ടോപ് സ്‌കോറർ പട്ടത്തിന് ദിമിത്രിയോസ് അർഹനാകും. ഇതിനു മുൻപ് ഒരു ബ്ലാസ്റ്റേഴ്‌സ് താരവും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നേട്ടം സ്വന്തമാക്കിയാൽ ദിമിത്രിയോസിനെ നിലനിർത്താനുള്ള സാധ്യതയും വർധിക്കും.

Dimitrios Still Leading In ISL Top Scorer List