ബ്രസീലിയൻ താരോദയം എംബാപ്പക്കു ഭീഷണിയാകുമോ, റയൽ മാഡ്രിഡിൽ ആരാകും അടുത്ത സൂപ്പർസ്റ്റാർ

കോപ്പ അമേരിക്കക്ക് മുന്നോടിയായി മെക്‌സിക്കോക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലിന്റെ വിജയഗോൾ നേടിയത് പതിനേഴുകാരനായ എൻഡ്രിക്ക് ആയിരുന്നു. ബ്രസീലിനു വേണ്ടി മൂന്നു മത്സരങ്ങളിൽ പകരക്കാരനായിറങ്ങി മൂന്നു ഗോളുകൾ നേടിയ താരം തന്റെ പ്രതിഭയെന്താണെന്ന് തെളിയിച്ചു. കോപ്പ അമേരിക്കയിൽ താരം മിന്നിത്തിളങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

എൻഡ്രിക്കിന്റെ മിന്നും പ്രകടനം ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം പിഎസ്‌ജിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ എംബാപ്പക്ക് ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. നിലവിൽ ബ്രസീലിയൻ ക്ലബായ പാൽമിറാസിന്റെ താരമായ എൻഡ്രിക്കിനു പതിനെട്ടു വയസായാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള കരാർ 2022ൽ തന്നെ ഒപ്പു വെച്ചതാണ്.

ഇടതുവിങ്ങാണ് എംബാപ്പയുടെ പ്രിയപ്പെട്ട പൊസിഷനെങ്കിലും അവിടെ വിനീഷ്യസ് ജൂനിയർ ഉള്ളതിനാൽ അടുത്ത സീസണിൽ താരം റയൽ മാഡ്രിഡിന്റെ സെന്റർ ഫോർവേഡായി കളിക്കാനാണ് സാധ്യത. എന്നാൽ 2025ൽ എൻഡ്രിക്ക് റയൽ മാഡ്രിഡിലേക്ക് വരുന്നതോടെ ആ പൊസിഷനിൽ എംബാപ്പെക്ക് വലിയൊരു വെല്ലുവിളി നേരിടേണ്ടി വരുമെന്നതിൽ സംശയമില്ല.

പതിനേഴു വയസായപ്പോൾ തന്നെ ഇംഗ്ലണ്ട്, സ്പെയിൻ, മെക്‌സിക്കോ എന്നീ ടീമുകൾക്കെതിരെ ഗോൾ നേടിയ എൻഡ്രിക്ക് ബ്രസീൽ ടീമിനായി മൂന്നു ഗോളുകൾ നേടുന്ന ഏറ്റവും പ്രായം രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ലോകഫുട്ബോളിലെ തന്നെ ഇതിഹാസമായ പെലെയാണ് അതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതെന്നത് എൻഡ്രിക്കിന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കി നൽകുന്നുണ്ട്.

ഈ കോപ്പ അമേരിക്ക ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും തന്നിലേക്കെത്തിക്കാൻ ബ്രസീലിയൻ താരത്തിനുള്ള അവസരമാണ്. എൻഡ്രിക്ക് അത് കൃത്യമായി മുതലെടുക്കുമെന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. കോപ്പ അമേരിക്കയിൽ തിളങ്ങിയാൽ അടുത്ത സീസണിൽ റയൽ മാഡ്രിഡിലെത്തി എംബാപ്പയോട് മത്സരിക്കാനും താരമുണ്ടാകും.