കിരീടമുയർത്താൻ ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം, അടുത്ത 10 സീസണിലെ ഐഎസ്എൽ ജേതാക്കളെ പ്രവചിച്ച് ചാറ്റ് ജിപിടി

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകർ എന്ന് അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കഴിയുമെങ്കിലും ഇതുവരെ ഒരു കിരീടം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു പോരായ്‌മ തന്നെയാണ്. മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം കൈവിട്ടു കളഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ കിരീടം നേടുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കഴിഞ്ഞ ദിവസം ചാറ്റ് ജിപിടി അടുത്ത പത്ത് സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ജേതാക്കൾ ആരാകുമെന്ന പ്രവചനം നടത്തുകയുണ്ടായി. അതു നോക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനിയും നിരാശ തന്നെയാണ് ഫലം. അടുത്ത മൂന്നു സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് നേടാൻ സാധ്യതയില്ലെന്നാണ് ചാറ്റ് ജിപിടിയുടെ ഐഎസ്എൽ പ്രവചനം.

ചാറ്റ് ജിപിടി പ്രവചിക്കുന്നത് പ്രകാരം അടുത്ത പത്ത് സീസണുകളിൽ ഒരിക്കൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുകയുള്ളൂ. 2027-28 സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് സ്വന്തമാക്കുക. മറ്റു പത്ത് ടീമുകൾക്കും ഓരോ തവണ ഷീൽഡ് നേട്ടം ചാറ്റ് ജിപിടി പ്രവചിക്കുന്നുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി തുടങ്ങിയ ടീമുകൾ ഇതിൽ നിന്നും പുറത്താണ്.

ഒട്ടും ആധികാരികതയില്ലാത്ത പ്രവചനമാണ് ചാറ്റ് ജിപിടി നടത്തിയിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ ഇതിനെ ഗൗരവത്തോടെ കാണേണ്ട കാര്യവുമില്ല. എന്തായാലും അടുത്ത സീസണിലേക്ക് വേണ്ട പ്രവർത്തനങ്ങൾ ക്ലബുകളെല്ലാം ആരംഭിച്ചിട്ടുണ്ട്. ടീമിന് വേണ്ട താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐഎസ്എല്ലിലെ എല്ലാ ക്ലബുകളും.

ഇക്കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കിയപ്പോൾ മുംബൈ സിറ്റിയാണ് ഐഎസ്എൽ കിരീടം നേടിയത്. അടുത്ത സീസണിൽ പോരാട്ടം ഒന്നുകൂടി വർധിക്കുമെന്നുറപ്പാണ്. പുതിയ എൻട്രിയായ മൊഹമ്മദൻസ് പോരാടാൻ തന്നെയാണ് വരുന്നതെന്നുറപ്പാണ്. അതിനു പുറമെ ഈ സീസണിൽ പുറകോട്ടു പോയ ബെംഗളൂരു, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകളും ഇരട്ടി കരുത്തോടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.