നിർണായക പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു, ലക്‌ഷ്യം ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ചരിത്രനേട്ടം

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ന് രാത്രി ഏഷ്യയിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ ഖത്തറിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരത്തിൽ വിജയം നേടി അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയെന്ന ലക്ഷ്യവുമായി ഇന്ത്യ ഇറങ്ങുമ്പോൾ ഖത്തർ നേരത്തെ തന്നെ യോഗ്യത നേടി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

അഞ്ചിൽ നാല് മത്സരവും ഖത്തർ വിജയിച്ചപ്പോൾ ഇന്ത്യ ആകെ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ. ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന അഫ്‌ഗാനിസ്ഥാനും കുവൈറ്റും സമനിലയിൽ പിരിഞ്ഞാൽ ഇന്ത്യക്കും സമനില മതിയാകും.

ഒരു മത്സരത്തിൽ മാത്രം വിജയിച്ച ഇന്ത്യ രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങുകയും രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്‌തു. അഫ്‌ഗാനിസ്ഥാനും അങ്ങിനെ തന്നെയാണെങ്കിലും അവർ കൂടുതൽ ഗോൾ വഴങ്ങിയത് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വരാൻ കാരണമായി. ഇന്നത്തെ മത്സരം വിജയിച്ചാൽ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിക്കാൻ ഇന്ത്യക്ക് കഴിയും.

ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള മൂന്നാമത്തെ റൗണ്ടിലേക്കാണ് ഇന്ത്യ മുന്നേറാൻ ശ്രമിക്കുന്നത്. ഇതുവരെ ആ ഘട്ടത്തിലെത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നതിനാൽ തന്നെ ഇന്നത്തെ മത്സരം വിജയിച്ചാൽ അത് ചരിത്രമായി മാറും. ഇന്ത്യൻ താരങ്ങളെല്ലാം അവരുടെ പരമാവധി നൽകുമെന്നും പിച്ചിൽ പോരാടാൻ തയ്യാറെടുത്തുവെന്നുമാണ് പരിശീലകൻ വ്യക്തമാക്കിയത്.

ഇന്ത്യൻ സമയം ഇന്ന് രാത്രി 9.15നാണു മത്സരം ആരംഭിക്കുക. ഇന്ത്യയെ സംബന്ധിച്ച് നിർണായകമായ മത്സരം വളരെ കടുപ്പമായിരിക്കുമെന്നുറപ്പാണ്. ഖത്തറിൽ വെച്ചാണ് മത്സരം നടക്കുന്നതെന്നതും അവർ വളരെ കരുത്തുള്ള ടീമാണെന്നതും ഇന്ത്യയുടെ സാധ്യതകളെ ദുർബലമാക്കുന്നു. ഖത്തർ നേരത്തെ തന്നെ യോഗ്യത നേടിയത് മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷക്ക് വക നൽകുന്ന കാര്യം.