മലയാളി താരം ഇന്ന് ഇന്ത്യക്കെതിരെ കളത്തിലിറങ്ങും, പ്രശംസയുമായി ഖത്തർ പരിശീലകൻ

2026ൽ നടക്കാൻ പോകുന്ന ലോകകപ്പിന്റെ യോഗ്യത റൗണ്ടിലെ മൂന്നാം ഘട്ടത്തിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്ന് രാത്രി ഖത്തറിനെതിരെ ഇറങ്ങാൻ പോവുകയാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം നടക്കുമ്പോൾ അതിൽ കൗതുകകരമായ ഒരു കാര്യം ഖത്തർ ടീമിൽ ഇന്ത്യക്കെതിരെ കളിക്കുന്നവരിൽ ഒരു മലയാളി താരവുമുണ്ടെന്നതാണ്.

കണ്ണൂർ തലശ്ശേരി സ്വദേശിയായ തഹ്‌സിൻ ജംഷിദാണ് ഖത്തറിന് വേണ്ടി ഇന്ത്യക്കെതിരെ മത്സരിക്കാൻ പോകുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാനത്തെ രണ്ടു മത്സരങ്ങൾക്കുള്ള ഖത്തർ ടീമിൽ ഇടം നേടിയ താരം അഫ്‌ഗാനിസ്ഥാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. അറുപത് മിനുട്ട് കളിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്.

പതിനേഴുകാരനായ താരം കളിക്കുമെന്ന സൂചനയാണ് ഖത്തർ പരിശീലകൻ ടിന്റിൻ മാർക്വസും നൽകിയത്. ഖത്തറിൽ ജനിച്ച് ഖത്തറിൽ വളർന്ന താരമാണെങ്കിലും ഇന്ത്യയിലുള്ളവരുടെ ആകാംക്ഷ തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് പറഞ്ഞ മാർക്വസ് ദേശീയടീമിൽ തുടരാനുള്ള പ്രതിഭ തഹ്‌സീനുണ്ടെന്ന് വ്യക്തമാക്കി. കൂടുതൽ മത്സരങ്ങളിൽ താരത്തിന് അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം പ്രതിഭയുള്ള താരമാണ് തഹ്സീനെന്നു പറഞ്ഞ ഖത്തർ പരിശീലകൻ ചെറുപ്പമായതിനാൽ തന്നെ കൂടുതൽ വളരാനുള്ള അവസരമുണ്ടെന്നും വ്യക്തമാക്കി. ഖത്തറിനെ സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന മത്സരം അപ്രധാനമായതിനാൽ തഹ്‌സീൻ കളിക്കുമെന്നുറപ്പാണ്. അങ്ങിനെയെങ്കിൽ ഇന്ത്യക്കെതിരെ കളിക്കുന്ന ആദ്യ മലയാളി താരമാകും തഹ്‌സീൻ.

ഖത്തറിൽ ജനിച്ച തഹ്‌സീൻ നിലവിൽ അവിടെയുള്ള ക്ലബായ അൽ ദുഹൈലിലാണ് കളിക്കുന്നത്. മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള മുൻ പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയരാണ് അൽ ദുഹൈലിന്റെ പരിശീലകൻ. അതിനു പുറമെ ബ്രസീലിയൻ താരം കുട്ടീന്യോയും തഹ്സീൻറെ സഹതാരമായി ക്ലബിലുണ്ട്.