നിങ്ങളുടെ ക്ലബിനെക്കാളും രാജ്യത്തെക്കാളും വലുതാണ് മെസിയെന്നു തെളിയിച്ചതാണ്, പിഎസ്‌ജി ആരാധകർക്ക് മെസി ആരാധകരുടെ മറുപടി | Messi

ഇന്റർ മിയാമി താരമായതിനു ശേഷം ലയണൽ മെസി കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പിഎസ്‌ജി ട്രാൻസ്‌ഫർ താൻ ആഗ്രഹിച്ചിരുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ സാഹചര്യങ്ങൾ ശരിയാകാതെ വന്നതിനാൽ പിഎസ്‌ജിയിലേക്ക് ചേക്കേറേണ്ടി വന്നുവെന്നാണ് മെസി പറഞ്ഞത്. എന്നാൽ നിലവിൽ ഇന്റർ മിയാമിയിൽ താൻ വളരെയധികം സംതൃപ്‌തനാണ് എന്നും മെസി വെളിപ്പെടുത്തിയിരുന്നു.

പിഎസ്‌ജിയെക്കുറിച്ചുള്ള ലയണൽ മെസിയുടെ പ്രതികരണം ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്കിടയിൽ അത്ര മികച്ച രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. താരത്തിനെതിരെ പലരും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനവുമായി വന്നിരുന്നു. പിഎസ്‌ജി ഹബ് എന്ന ഫാൻപേജ് ഈ വിഷയത്തിൽ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. രണ്ടു വർഷത്തിൽ 160 മില്യൺ മെസിക്കായി ക്ലബിന് ചിലവഴിക്കേണ്ടി വന്നുവെന്നും ക്ലബിന്റെ രണ്ടു വർഷവും മെസി കാരണം ഇല്ലാതായെന്നും അവർ പറയുന്നു.

ഒരു പാവയെപ്പോലെ ലയണൽ മെസി പിഎസ്‌ജിയിലേക്ക് വന്നതിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നടന്നതിനെക്കുറിച്ചും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചും അവർ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പിഎസ്‌ജി ആരാധകർ ലയണൽ മെസിയുടെ ജേഴ്‌സി വാങ്ങിയിരുന്നുവെന്നും അവരെപ്പോലും അപമാനിക്കുന്ന രീതിയിലാണ് താരം പ്രതികരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ ലയണൽ മെസിയെ പിന്തുണച്ചും പിഎസ്‌ജിയെ വിമർശിച്ചും നിരവധി പേരാണ് ഇതിനു മറുപടി നൽകിയിരിക്കുന്നത്. സ്വന്തം ആഗ്രഹത്തിന്റെ പുറത്തല്ല ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതെനന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും മെസി അക്കാര്യം തുറന്നു പറയുന്നത് എങ്ങിനെയാണ് അപമാനമാവുകയാണെന്നും അവർ ചോദിക്കുന്നു.

അതിനു പുറമെ പിഎസ്‌ജിയെയും ഫ്രഞ്ച് ആരാധകരെയും താഴ്ത്തിക്കെട്ടുന്ന കമന്റുകളും ആരാധകർ ഇടുന്നുണ്ട്. ലയണൽ മെസി പിഎസ്‌ജിയെക്കാളും ഫ്രാൻസിനേക്കാളും വലുതാണെന്ന് ഒരിക്കൽ തെളിയിച്ചതാണെന്ന് ആരാധകർ പറയുന്നു. അതിനു പുറമെ കഴിഞ്ഞ സീസണിൽ ലയണൽ മെസിയെ പിഎസ്‌ജി ആരാധകർ അനാവശ്യമായി അധിക്ഷേപിച്ചതും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

PSG Fan Page Criticise Messi For His Comments