ഇന്റർ മിയാമിയെ ഞങ്ങളുടെ ടീമിലെ ഒരാൾ പോലും ഭയക്കുന്നില്ല, ഫൈനലിനു മുൻപേ മുന്നറിയിപ്പുമായി നാഷ്‌വില്ലെ പരിശീലകൻ | Messi

ലയണൽ മെസി എത്തിയതിനു ശേഷം തകർപ്പൻ ഫോമിലാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. മെസി വന്നതിനു ശേഷം ലീഗ്‌സ് കപ്പിൽ ആറു മത്സരങ്ങളിൽ ഇറങ്ങിയ ഇന്റർ മിയാമി അതിൽ ആറെണ്ണത്തിലും വിജയം സ്വന്തമാക്കി. അതിനു മുൻപ് സ്ഥിരമായി തോൽവികൾ വഴങ്ങിയിരുന്ന ടീമാണ് മെസി, ആൽബ, ബുസി എന്നിവരുടെ കരുത്തിൽ മുന്നേറുന്നത്. ആറു വിജയങ്ങൾ തുടർച്ചയായി നേടി ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ ഇടം പിടിക്കാനും അവർക്കായി.

ഫൈനലിൽ എംഎൽഎസിലെ തന്നെ മറ്റൊരു ക്ലബായ നാഷ്‌വില്ലെയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. നിലവിൽ ഇന്റർ മിയാമി ഏറ്റുമുട്ടിയ ടീമുകളെ വെച്ച് നോക്കുമ്പോൾ നാഷ്‌വില്ലെക്കെതിരായ മത്സരത്തിലും വിജയം നേടാൻ അവർക്ക് കഴിയുമെന്നതിൽ സംശയമില്ല. അതേസമയം ലയണൽ മെസിയെപ്പോലെയുള്ള ചില താരങ്ങളോട് ബഹുമാനമുണ്ടെങ്കിലും ഇന്റർ മിയാമിയെ തന്റെ ടീമിലെ ഒരു താരവും പേടിക്കുന്നില്ലെന്നാണ് നാഷ്‌വില്ലെ പരിശീലകൻ പറയുന്നത്.

“എന്റെ ടീമിന്റെ ലോക്കർ റൂമിലുള്ള ഒരാളും ഇന്റർ മിയാമിയിലെ ആരെയും ഭയക്കുന്നില്ല. എന്നാൽ മെസിയെപ്പോലെ അവരുടെ ടീമിലുള്ള ചില താരങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അവർ മിന്നുന്ന ഫോമിലാണ് കളിക്കുന്നത് എന്നതിനാൽ തന്നെ ബഹുമാനിച്ചേ മതിയാകൂ. ഫൈനൽ ഒരു വലിയ വെല്ലുവിളിയാണ്, മനോഹരമായ വെല്ലുവിളിയാണ്, അതിനൊക്കെ തന്നെയാണ് നമ്മളീ സ്പോർട്ട്സ് കളിക്കുന്നതും.” നാഷ്‌വില്ലെ പരിശീലകനായ ഗാരി സ്‌മിത്ത് കഴിഞ്ഞ ദിവസം പറഞ്ഞു.

രണ്ടു ടീമുകളെ സംബന്ധിച്ചും ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് ലീഗ്‌സ് കപ്പ് ഫൈനൽ. അതുകൊണ്ടു തന്നെ ഫൈനലിൽ കടുപ്പമേറിയ പോരാട്ടം തന്നെ നടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്റർ മിയാമി കിരീടം സ്വന്തമാക്കിയാൽ മെസിയെ സംബന്ധിച്ച് അതൊരു വലിയ നേട്ടമായിരിക്കും. ഇതുവരെ ഒരു കിരീടം പോലും നേടാത്ത ടീമിനെ ആദ്യമായി കിരീടത്തിലേക്കെത്തിച്ച ക്രെഡിറ്റ് മെസിക്ക് സ്വന്തമാകും.

Nashville Coach Warns Messi And Inter Miami