ഒരിക്കലും പിഎസ്‌ജിയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നില്ല, നേരിട്ട പ്രതിസന്ധികൾ വെളിപ്പെടുത്തി ലയണൽ മെസി | Messi

അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിലേക്ക് ചേക്കേറിയപ്പോൾ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും നിലവിൽ ഇന്റർ മിയാമിയിൽ സന്തോഷത്തോടെ കളിക്കുന്നതിനിടെ കാരണവും വെളിപ്പെടുത്തി ലയണൽ മെസി. ഫ്രഞ്ച് ക്ലബിനൊപ്പം കളിക്കുന്ന സമയത്ത് ഒട്ടും സംതൃപ്‌തനല്ലാതിരുന്ന മെസി ക്ലബ് തലത്തിൽ മോശം പ്രകടനം നടത്തിയ സീസണും അവർക്കൊപ്പം കളിക്കുമ്പോൾ തന്നെയാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലയണൽ മെസി.

“പിഎസ്‌ജിയിലേക്ക് ചേക്കേറണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. അത് ആഗ്രഹിച്ചതോ പ്ലാൻ ചെയ്‌തതോ അല്ല. ഒരു രാത്രി കൊണ്ട് തീരുമാനമായതാണ്. ബാഴ്‌സലോണയിൽ തുടരാൻ ആഗ്രഹിച്ച ഞാൻ മറ്റൊരു സ്ഥലത്തേക്ക് പോയി അവിടവുമായി വേഗത്തിൽ ഇണങ്ങിച്ചേരേണ്ടി വന്നു. ഞാനതു വരെ ജീവിച്ച നഗരത്തിൽ നിന്നും സാഹചര്യങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്‌തമായിരുന്നതിനാൽ തന്നെ അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.”

“എന്നാൽ ഇവിടം അതിനു നേരെ വിപരീതമാണ്. എന്റെ തീരുമാനത്തിനായി ഞാൻ ഒരുപാട് കാര്യങ്ങളെ പരിഗണിച്ചിരുന്നു. എന്റെ ഭാര്യയുമായും കുട്ടികളുമായും ഞാൻ സംസാരിച്ചിരുന്നു. അവരും എന്റെ തീരുമാനത്തിൽ ഭാഗമായിട്ടുണ്ട്. എന്നാൽ ഞാൻ അതേക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ല. ഞാനിവിടെ വന്നിരിക്കുന്നത് കളിക്കാനും എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെടുന്ന ഫുട്ബോൾ ആസ്വദിക്കാനും വേണ്ടിയാണ്.”

“ഇന്റർ മിയാമി ആരാധകർ സ്റ്റേഡിയത്തിലേക്ക് വന്ന് തങ്ങളെ പിന്തുണക്കുന്നത് മനോഹരമായ കാര്യമാണ്. സ്വന്തം മൈതാനത്ത് കളിക്കുമ്പോൾ സ്റ്റേഡിയം എപ്പോഴും നിറഞ്ഞിരിക്കുന്നുണ്ട്. ഡള്ളാസിനെതിരെ എവേ മത്സരം കളിക്കുന്ന സമയത്ത് അവിടെയുള്ള ആരാധകരും എന്നെ സ്വാഗതം ചെയ്‌തു. ഞാൻ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഫുട്ബോൾ കളിക്കുമ്പോൾ ഇതുപോലെയുള്ള നിമിഷങ്ങൾ ഉണ്ടാകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.” ലയണൽ മെസി വ്യക്തമാക്കി.

Messi Talks About PSG And Inter Miami