ഇന്ത്യൻ സൂപ്പർ ലീഗിന് മരണമണി മുഴങ്ങുന്നു, ടൂർണമെന്റ് അവസാനിപ്പിക്കാനുള്ള സാധ്യത കൂടുതൽ | ISL

ഇന്ത്യൻ ഫുട്ബോളിലെ മുൻനിര ടൂർണമെന്റായ ഇന്ത്യൻ സൂപ്പർ ലീഗിന് മരണമണി മുഴങ്ങുന്നുവെന്ന് സൂചനകൾ. ഇന്ത്യൻ സൂപ്പർ ലീഗ് പൂർണമായും അവസാനിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ടൂർണമെന്റ് സംഘാടകരായ എഫ്എസ്‌ഡിഎല്ലും തമ്മിലുള്ള കരാർ അവസാനിക്കാൻ പോകുന്നതാണ് പ്രധാന കാരണം.

ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റ് കമ്പനിയെന്ന റിലയൻസിന്റെ കീഴിലുള്ള ഗ്രൂപ്പാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി അവർ ഇതിനായി ദീർഘകാലത്തേക്ക് കരാർ ഒപ്പു വെച്ചിരുന്നു. പതിനഞ്ചു വർഷത്തേക്ക് അവർ ഒപ്പുവെച്ച കരാർ 2025 ഡിസംബറിൽ അവസാനിക്കാൻ പോകുന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിൽ നിർത്തുന്നത്.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗ് തുടരുന്നതിനുള്ള കരാർ വീണ്ടും പുതുക്കാൻ എഫ്‌എസ്‌ഡിഎല്ലിന് താൽപര്യമില്ല. ഇന്ത്യൻ സൂപ്പർ ലീഗ് പത്ത് വർഷം പിന്നിടുമ്പോഴും ടൂർണമെന്റ് യാതൊരു തരത്തിലും ലാഭകരമല്ല. അതു മാത്രമല്ല, പ്രധാന മത്സരങ്ങൾക്ക് പോലും കാണികൾ എത്താത്തത് ടൂർണമെന്റിന്റെ മാറ്റ് കുറക്കുകയും ചെയ്യുന്നുണ്ട്.

ഐഎസ്എല്ലുമായി ബന്ധപ്പെട്ടു വിവാദങ്ങൾ സ്ഥിരമായി ഉണ്ടാകുന്നതും ഒഫീഷ്യൽസ് അടക്കമുള്ളവരുടെ നിലവാരം കുറഞ്ഞതുമെല്ലാം ടൂർണമെന്റിന്റെ ഭംഗി കുറച്ചിട്ടുണ്ട്. ഇത്രയും മികച്ച രീതിയിൽ ടൂർണമെന്റ് പ്ലാൻ ചെയ്‌തു നടത്തിയിരുന്ന ഒരു പാർട്ടണർ പിൻവലിഞ്ഞാൽ അത് ഐഎസ്എല്ലിന്റെ അടിവേരിളക്കും. ഒരിക്കലും ഇതുപോലെ ടൂർണമെന്റ് നടത്താൻ എഐഎഫ്എഫിനു കഴിയില്ല.

ഇന്ത്യയിൽ ഫുട്ബോൾ ആവേശം തിരിച്ചു കൊണ്ടുവരാൻ ഐഎസ്എല്ലിന് കഴിഞ്ഞിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ അത് ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് പ്രധാന പ്രശ്‌നം. എന്തായാലും വലിയൊരു പ്രതിസന്ധി ആസന്നമായിരിക്കുകയാണ്. അതിനെ എഐഎഫ്എഫ് എങ്ങിനെ മറികടക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ISL Likely To Wind Up After 2025

Indian Super LeagueISL
Comments (0)
Add Comment