ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് പക്ഷെ ഈ സീസണിൽ ആ നേട്ടം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. മികച്ച പ്രകടനം നടത്തിയെങ്കിലും റഫറിയുടെ തെറ്റായ തീരുമാനം കാരണം പ്ലേ ഓഫിൽ ബെംഗളൂരുവിനോട് തോറ്റ് പുറത്തു പോകേണ്ടി വരികയായിരുന്നു. ഇതിനെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാവുകയും കേരള ബ്ലാസ്റ്റേഴ്‌സിനും പരിശീലകനുമെതിരെ നടപടി ഉണ്ടാവുകയും ചെയ്‌തു.
അതേസമയം അടുത്ത സീസൺ മികച്ചതാക്കുകയെന്ന ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഇനിയുള്ളത്. ഈ സീസൺ അത്ര സംതൃപ്‌തി നൽകിയില്ലെന്ന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ സ്‌കിങ്കിസ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ടീമിൽ വലിയ രീതിയിലുള്ള അഴിച്ചുപണി നടത്തുമെന്നും പുതിയ താരങ്ങൾ ടീമിലേക്ക് വരുമെന്നും ഉറപ്പിക്കാൻ കഴിയും.
🚨Update: Not just Khabra, most likely Jessel Carneiro won't get a contract renewal as well. Super cup will be the last tournament for Jessel with Kerala Blasters. Farewell to captain. #kbfc pic.twitter.com/MI8LO3UfoK
— Aswathy (@RM_madridbabe) April 4, 2023
ഈ സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നതു കേട്ട ആദ്യത്തെ പേര് റൈറ്റ് ബാക്കായ ഖബ്‌റയുടേത് ആയിരുന്നു. രണ്ടു സീസണുകളായി ടീമിനൊപ്പമുള്ള താരത്തെ ഇത്തവണ പരിക്കിന്റെ പ്രശ്‌നങ്ങൾ വല്ലാതെ വലച്ചിരുന്നു. സൂപ്പർകപ്പിനുള്ള ടീമിലും താരം ഉൾപ്പെട്ടിട്ടില്ല. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ എല്ലാവരോടും യാത്ര പറഞ്ഞുവെന്നും ക്ലബ് വിടുന്ന കാര്യം ഉറപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
ഖബ്‌റക്ക് പുറമെ മറ്റൊരു താരം കൂടി ക്ലബ് വിടാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ടീമിന്റെ നായകനും ലെഫ്റ്റ് ബാക്കുമായ ജെസ്സൽ കാർനെയ്‌റോയാണ് ഈ സീസണ് ശേഷം ബ്ലാസ്റ്റേഴ്‌സ് വിടുക. പരിക്ക് കാരണം സൂപ്പർകപ്പിൽ പങ്കെടുക്കാൻ താരത്തിന് കഴിയില്ല. കരാർ അവസാനിച്ച താരത്തിന് അത് പുതുക്കി നൽകാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തയ്യാറല്ലെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ജെസ്സൽ ബ്ലാസ്റ്റേഴ്‌സ് വിടുകയാണെങ്കിൽ അടുത്ത സീസണിൽ അഡ്രിയാൻ ലൂണ ടീമിന്റെ നായകനായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം സൂപ്പർകപ്പിനു പുതിയൊരു നായകനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തായാലും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പല പൊസിഷനിലും പുതിയ താരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
Content Highlights: Jessel Carneiro To Leave Kerala Blasters