ഒട്ടനവധി അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കിയത്. സ്പെയിനിൽ നിന്നുമുള്ള സ്‌ട്രൈക്കറായ ജീസസ് ജിമിനെസിനെയാണ് ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ സ്വന്തമാക്കിയത്.
ട്രാൻസ്‌ഫർ വിൻഡോയുടെ അവസാനത്തെ ദിവസങ്ങളിൽ നടത്തിയ സൈനിങ് ആയതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം പ്രീ സീസൺ മത്സരങ്ങളിലോ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലോ കളിക്കാൻ ജിമിനസിനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ താരം ടീമിനോട് ഇണങ്ങിച്ചേരാൻ സമയമെടുക്കുമോ എന്ന സംശയങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഈ സീസണിലെ ആദ്യത്തെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് ജീസസ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ താരം നാല് മത്സരങ്ങളിൽ നിന്നും രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു സ്‌ട്രൈക്കർക്ക് കിട്ടുന്ന ഏറ്റവും മികച്ച തുടക്കങ്ങളിൽ ഒന്നാണ് ജീസസ് ജിമിനസിന്റേത്. വളരെ പെട്ടന്ന് തന്നെ ടീമിനൊപ്പം ഇണങ്ങിച്ചേരാൻ താരത്തിന് കഴിഞ്ഞു. മുന്നേറ്റനിരയിൽ നോഹക്കൊപ്പം കൂടുതൽ ഒത്തിണക്കത്തോടെ കളിക്കാനും താരത്തിന് കഴിയുന്നുണ്ട്.
ഓരോ മത്സരം കഴിയുന്തോറും ജിമിനസ് കൂടുതൽ മെച്ചപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്. ടീമിലെ മറ്റു താരങ്ങൾ വരുത്തുന്ന പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നത്. എന്തായാലും ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോൾ കൂടുതൽ കരുത്തുറ്റ ബ്ലാസ്‌റ്റേഴ്‌സിനെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.