ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് സ്‌പാനിഷ് സ്‌ട്രൈക്കറായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പല വമ്പൻ താരങ്ങളുടെയും പിന്നാലെ പോയതാണ് ഒരു മികച്ച സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് വൈകിയതിന് കാരണം.
പ്രീ സീസൺ പോലും കളിക്കാതെയാണ് ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഇറങ്ങാൻ തുടങ്ങിയത്. എന്നാൽ അതിന്റെ യാതൊരു കുറവും ഇതുവരെയുള്ള പ്രകടനത്തിൽ താരം കാണിച്ചിട്ടില്ല. ടീമിനൊപ്പം മികച്ച രീതിയിൽ ഇണങ്ങിച്ചേരാൻ ജിമിനസിനു കഴിഞ്ഞു.
Blasters striker after 7 games in last 4 seasons 👀 #KBFC #ISL pic.twitter.com/pL1BSnGq1t
— Abdul Rahman Mashood (@abdulrahmanmash) November 6, 2024
കേരള ബ്ലാസ്റ്റേഴ്‌സിൽ കഴിഞ്ഞ നാല് സീസണുകളിൽ ഒരു സ്‌ട്രൈക്കർക്ക് ലഭിച്ച ഏറ്റവും മികച്ച തുടക്കങ്ങളിൽ ഒന്നുകൂടിയാണ് ജീസസ് ജിമിനസിന്റേത്. ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.
കഴിഞ്ഞ നാല് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിരവധി മികച്ച സ്‌ട്രൈക്കർമാർ കളിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊന്നും ഇതുപോലെയൊരു തുടക്കം ലഭിച്ചിട്ടില്ല. ആദ്യത്തെ ഏഴു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ മാത്രമാണ് ഡയസ്, വാസ്‌ക്വസ്, ദിമി എന്നിവർക്ക് നേടാൻ കഴിഞ്ഞത്.
രണ്ടു സീസണുകളിലേക്കാണ് ജീസസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി വേഗത്തിൽ ഒത്തിണങ്ങിയ താരം നടത്തുന്ന മികച്ച പ്രകടനം ആരാധകർക്ക് പ്രതീക്ഷയാണ്. ഇനിയും കുറച്ചു വർഷങ്ങൾ താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഏവരും കരുതുന്നത്.