ഭാവിയിൽ മെസിയുടെ റെക്കോർഡ് തകർക്കുമോ, കിരീടങ്ങൾ വാരിക്കൂട്ടുന്ന ഹൂലിയൻ അൽവാരസ് | Julian Alvarez

ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത് അർജന്റീന ആരാധകരെ സംബന്ധിച്ച് സന്തോഷവും സങ്കടവും ഉണ്ടാക്കിയ കാര്യമായിരിക്കും. ഇന്റർ മിലാനിൽ കളിക്കുന്ന അർജന്റീന താരങ്ങളായ ലൗടാരോ മാർട്ടിനസ്, ജൊവാക്വിൻ കൊറേയ എന്നിവർക്ക് കിരീടം സ്വന്തമാക്കാൻ കഴിയാതെ വന്നപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഹൂലിയൻ അൽവാരസ് കിരീടം നേടിയിത് സന്തോഷമുള്ള കാര്യമായി.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയതോടെ അവിശ്വസനീയമായ നേട്ടമാണ് ഹൂലിയൻ അൽവാരസ് സ്വന്തമാക്കിയിരിക്കുന്നത്. വെറും ഇരുപത്തിമൂന്നു വയസ് മാത്രം പ്രായമുള്ള താരം ഇതിനിടയിൽ പതിമൂന്നു കിരീടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ ടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും നേടിയ താരം ക്ലബ് തലത്തിലും ഏറെക്കുറെ എല്ലാ കിരീടങ്ങളും ഈ പ്രായത്തിൽ നേടിക്കഴിഞ്ഞു.

അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിന് വേണ്ടി ലീഗും കോപ്പ ലിബെർട്ടഡോസും കോപ്പ അർജന്റീനയുമടക്കം ആറു കിരീടങ്ങൾ സ്വന്തമാക്കിയ അൽവാരസ് അതിനു പുറമെ അർജന്റീന ഒളിമ്പിക് ടീമിനൊപ്പം സൗത്ത് അമേരിക്കൻ പ്രീ ഒളിമ്പിക് ടൂർണമെന്റും സ്വന്തമാക്കി. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ താരം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള മൂന്നു കിരീടനേട്ടങ്ങൾ ക്ലബിനൊപ്പം സ്വന്തമാക്കി. ഇനി ക്ലബ് ലോകകപ്പ് അടക്കമുള്ള കിരീടങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിയും. ഹാലാൻഡിനു പിന്നിൽ ടീമിന്റെ ബാക്കപ്പ് സ്‌ട്രൈക്കറായാണ് കളിക്കുന്നതെങ്കിലും അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തി ഗോളുകൾ നേടുന്ന അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയുടെ വിശ്വസ്‌തനായ താരമാണ്.

ഖത്തർ ലോകകപ്പിൽ പകരക്കാരനായാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി മാറാനും നാല് ഗോളുകൾ നേടി കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിക്കാനും അൽവാരസിനായി. തന്നെ ഏൽപ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുന്ന താരം കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഭാവിയിൽ കിരീടനേട്ടങ്ങളുടെ എണ്ണത്തിൽ മെസിയുടെ റെക്കോർഡ് തന്നെ താരം തകർക്കുമോയെന്നും സംശയിക്കാവുന്നതാണ്.

Julian Alvarez Added Another Trophy In His Career

ArgentinaChampions LeagueJulian AlvarezManchester City
Comments (0)
Add Comment