റയൽ മാഡ്രിഡ് ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ഫ്രഞ്ച് താരമായ കരിം ബെൻസിമ ക്ലബ് വിടാനുള്ള തീരുമാനം എടുത്തത്. 2009ൽ ടീമിലെത്തിയതിനു ശേഷം പിന്നീടിതു വരെ റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ സ്ഥാനത്ത് ബെൻസിമ സ്ഥിരസാന്നിധ്യമായിരുന്നു. ഒരിക്കൽ പോലും താരത്തിന് പകരക്കാരനായി മറ്റൊരു സ്ട്രൈക്കറെ എത്തിക്കേണ്ട ആവശ്യം റയൽ മാഡ്രിഡിന് വന്നിരുന്നില്ല.
കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് കരിം ബെൻസിമ റയൽ മാഡ്രിഡ് വിട്ടു സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയത്. താരം ക്ലബിൽ ഒരു വർഷം കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ എടുത്ത ഈ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ബെൻസിമ പറയുകയുണ്ടായി.
🗣️ Benzema: “Why Saudi? Because it’s a Muslim country. I'm Muslim & I always wanted to live in a Muslim country.” pic.twitter.com/YCzxxWAwtf
— Madrid Xtra (@MadridXtra) June 8, 2023
“എന്തുകൊണ്ടാണ് ഞാൻ സൗദിയിലെത്തിയത്? കാരണം ഇതൊരു മുസ്ലിം രാജ്യമാണ്. ഞാനൊരു മുസ്ലിമാണ്. ഒരു മുസ്ലിം രാജ്യത്ത് ജീവിക്കാൻ എനിക്ക് എല്ലായിപ്പോഴും ആഗ്രഹമുണ്ടായിരുന്നു.” സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയതിനു ശേഷം കരിം ബെൻസിമ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ കരിം ബെൻസിമയും സൗദിയിലെത്തിയത് ലീഗിന് കൂടുതൽ പ്രശസ്തി നൽകിയിട്ടുണ്ട്.
മുസ്ലിം രാജ്യത്ത് ജീവിക്കുക എന്നതിനൊപ്പം വമ്പൻ തുകയാണ് കരിം ബെൻസിമ പ്രതിഫലമായി വാങ്ങിക്കുന്നത്. മൂന്നു വർഷത്തെ കരാറിൽ ടീമിലെത്തിയ താരം 643 മില്യൺ പൗണ്ടാണ് ഈ വർഷങ്ങളിൽ പ്രതിഫലമായി നേടുക. അടുത്ത സീസണിൽ സൗദി അറേബ്യയിൽ റൊണാൾഡോയും ബെൻസിമയും പരസ്പരം പോരാടുമെന്നിരിക്കെ ഫ്രഞ്ച് താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
Karim Benzema Says He Wanted To Live In A Muslim Country